Asianet News MalayalamAsianet News Malayalam

മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം; പ്രതികള്‍ക്കായി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആദിവാസി സംഘടനകൾ

പ്രത്യേക അന്വഷണസംഘം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന ബുധനാഴ്ച കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്താനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.

adivasi woman death sparks controversy as  activists accuse police of improper investigation
Author
Mananthavady, First Published Feb 16, 2020, 9:14 AM IST

വയനാട്: വയനാട് മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്നും പ്രതികള്‍ക്കായി പൊലീസ് ഒത്തുകളിക്കുന്നുവെന്നും ആദിവാസി സംഘടനകൾ. ശോഭയുടെ മരണം കൊലപാതകമാണെന്നതിന് നിരവധി തെളിവുകളുണ്ടായിട്ടും പൊലീസ് ശാസ്ത്രീയമായി കേസന്വേഷണം നടത്തുന്നില്ലെന്നാണ് വിമർശനം. എന്നാല്‍ മരണം കൊലപാതകമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസിന്റെ പ്രതികരണം.

കുറുവ ദ്വീപിന് അടുത്തുള്ള കുറുക്കൻ മൂല കളപ്പുരയ്ക്കൽ ആദിവാസി കോളനിയിലെ ശോഭയെ ഫെബ്രുവരി മൂന്നിനാണ് സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി ഒരു ഫോൺ വന്നതിനു ശേഷം പുറത്തേക്ക് പോയ ശോഭയെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്‍റെ ഉടമ ജിജി ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാൾ തന്‍റെ സ്ഥലത്തിനു ചുറ്റും അനധികൃതമായി വൈദ്യുതിവേലി സ്ഥാപിച്ചിരുന്നെന്നും അതിൽ നിന്നും ഷോക്കേറ്റാണ് ശോഭ മരിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാൽ ഷോക്കേറ്റല്ല മരണം സംഭവിച്ചതെന്നാണ് ആദിവാസി സംഘടനകൾ ആരോപിക്കുന്നത്, 
ശോഭയുടെ ദേഹം നിറയെ മുറിവുകളുണ്ടായിരുന്നുവെന്നും ഇതിന്‍റെ കാരണം കണ്ടെത്തണമെന്നുമാണ് ആവശ്യം. കൊല്ലപ്പെടുന്നതിനു മുൻപ് ശോഭയെ ഫോണിൽ വിളിച്ചവരെ കുറിച്ച് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പ്രത്യേക അന്വഷണസംഘം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന ബുധനാഴ്ച കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്താനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.

എന്നാൽ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നും അബദ്ധത്തിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ശോഭയുടെ ഫോൺ രേഖകൾ പരിശോധിച്ചു കഴിഞ്ഞെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios