ആഗ്ര: വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്‌ത ഭാര്യയെ കൊതുകുനാശിനി കുടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിലായി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പച്ചക്കറി വിൽപ്പനക്കാരനായ സോനു(26)വാണ് പിടിയിലായത്.

ഒൻപത് വർഷം മുൻപാണ് സോനുവും അഞ്ജലിയും തമ്മിൽ വിവാഹിതരായത്. ഇവർക്ക് നാലും ആറും വയസ്സുള്ള രണ്ട് മക്കളുണ്ട്. 25 കാരിയാണ് മരിച്ച അഞ്ജലി. 

വാട്‌സ്ആപ്പിൽ അന്യപുരുഷനുമായി അഞ്ജലി ചാറ്റ് ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കിക്കുകയും പിന്നീട് കൊതുകുനാശിനി കുടിപ്പിക്കുകയുമായിരുന്നു. എന്നാൽ രാവിലെയായിട്ടും അഞ്ജലി മരിച്ചില്ല. തുടർന്ന് ഒരു തുണിയെടുത്ത് കഴുത്ത് മുറുക്കി മരണം ഉറപ്പാക്കി.

ഈ സമയത്ത് മക്കൾ ഉറങ്ങുകയായിരുന്നു. അഞ്ജലിയുടെ പിതാവ് ഗിരിരാജിന്റെ പരാതിയിൽ സോനുവിനെ  അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.