Asianet News MalayalamAsianet News Malayalam

ആല്‍ബിന് പ്രചോദനമായത് കൂടത്തായി ജോളിയോ? കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമെന്ന് പൊലീസ്

കൃത്യമായ ആസൂത്രണം നടത്തി നടപ്പാക്കിയ കൂടത്തായി കൊലപാതകം പോലെ തന്നെയാണ് ആല്‍ബിനും സ്വന്തം കുടുംബത്തെ ഒന്നാകെ വകവരുത്താന്‍ പദ്ധതികള്‍ മെനഞ്ഞത്. സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാനംവരെ പ്രതി ശ്രമിച്ചു

albin planned murder like koodathayi jolly
Author
Kasaragod, First Published Aug 14, 2020, 2:08 PM IST

കാസര്‍കോട്: കേരളത്തെ ആകെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം കാസര്‍കോട്ടെ ആല്‍ബിന് പ്രചോദനമായെന്ന് വിലയിരുത്തി പൊലീസ്. കൃത്യമായ ആസൂത്രണം നടത്തി നടപ്പാക്കിയ കൂടത്തായി കൊലപാതകം പോലെ തന്നെയാണ് ആല്‍ബിനും സ്വന്തം കുടുംബത്തെ ഒന്നാകെ വകവരുത്താന്‍ പദ്ധതികള്‍ മെനഞ്ഞത്.

സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ അവസാനംവരെ പ്രതി ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബ സ്വത്ത് തട്ടിയെടുക്കാൻ താൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് 22കാരൻ സമ്മതിച്ചത്.  മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിലാണ് ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കൊല ചെയ്യാമെന്ന് ആൽബിൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.

ആൻ മേരിയെന്ന 16 കാരി വിഷം കലർന്ന ഐസ്ക്രീം കഴിച്ച് മരിച്ചതിന് പിന്നിൽ 22 കാരനായ സഹോദരൻ ആൽബിനാണെന്ന് പൊലീസ് മനസിലാക്കിയത് അഞ്ച് ദിവസം മുൻപാണ്. കഴിഞ്ഞ മുപ്പതാം തീയതി അമ്മയെയും അനുജത്തിയെയും കൊണ്ട് വീട്ടിൽ ഐസ്ക്രീം ഉണ്ടാക്കിച്ചു.

രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആൻ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതിൽ മകൻ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആൽബിൻ മനസിൽ തയ്യാറാക്കിയത്.

ഐസ്ക്രീം അൽപം മാത്രം കഴിച്ചത് കൊണ്ട് അമ്മയ്ക്കും ആൽബിനും ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. മഞ്ഞപ്പിത്തം വന്നാണ് ആൻ മേരി മരിച്ചതെന്ന് ബന്ധുക്കൾ തുടക്കത്തിൽ വിശ്വസിച്ചത്. കുട്ടിയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് വ്യക്തമായി. ആദ്യം അമ്മയെയും മകനെയും ഒരുപോലെ സംശയിച്ച പൊലീസ് പിന്നീട് ഇത് ആൽബിൻ ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടത്തിയ ക്രൂര കൊലയാണെന്ന് കണ്ടെത്തി.

ലഹരിക്കടിമയായ ആൽബിൻ തന്‍റെ ഇഷ്ട്ടത്തിന് ജീവിക്കാൻ കുടുംബം തടസ്സമാണെന്ന് കണ്ടപ്പോൾ എല്ലാവരെയും വകവരുത്തി നാലരയേക്കർ ഭൂ സ്വത്തും തട്ടിയെടുത്ത് വിറ്റ് നാട് വിടാമെന്ന് കണക്കുകൂട്ടി. തന്റെ അടുത്ത സ്ത്രീ സുഹൃത്തിനോടോ മറ്റ് സുഹൃത്തുക്കളോടോ ഇക്കാര്യം ആൽബിൻ പങ്കുവച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios