Asianet News MalayalamAsianet News Malayalam

'പ്രതിശ്രുത വധുവിനോട് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ രാഖി ആവശ്യപ്പെട്ടു; കൊലനടത്തിയത് ഗൂഢാലോചനയ്ക്ക് ശേഷം': മൊഴി

വിവാഹത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്‍റെ പ്രതിശ്രുത വധുവിന് രാഖി വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയി. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് അഖിൽ 

amboori  murder case accused akhil accepts 1 month long planning
Author
Thiruvananthapuram, First Published Jul 29, 2019, 8:35 AM IST

തിരുവനന്തപുരം: അമ്പൂരി കൊലക്കേസിൽ ഗൂഡാലോചനയും കൊലപാതകം സംമ്പന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി അഖില്‍. രാഖിയെ കൊലപ്പെടുത്തിയത് ഒരുമാസം നീണ്ട ഗൂഢാലോചനയ്ക്ക് ശേഷമായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഖിലിന്‍റെ പ്രതിശ്രുത വധുവിന് രാഖി വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പെൺകുട്ടി പഠിക്കുന്ന സ്ഥലത്തും രാഖി പോയിരുന്നു. ഇതോടെയാണ് രാഖിയെ കൊല്ലാൻ തീരുമാനിച്ചതെന്ന് അഖിൽ പൊലീസിന് മൊഴി നല്‍കി. 

5 വർഷം മുമ്പ് ഒരു ഫോൺകോളിൽ നിന്നാണ് രാഖിയും അഖിലുമായുള്ള ബന്ധം ആരംഭിക്കുന്നത്. തന്‍റെ സുഹൃത്തിനെ വിളിച്ച നമ്പർ തെറ്റിയ രാഖി വിളിച്ചത് അഖിലിനെയായിരുന്നു, ഈ പരിചയം സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും നയിച്ചു. മറ്റൊരു പെൺകുട്ടിയുമായി അഖിലന്റെ വിവാഹം നിശ്ചയിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. 

അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാഖിയെ കഴുത്ത് മുറുക്കി കൊല്ലാൻ ഉപയോ​ഗിച്ച കയ‌‌ർ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തും. അഖിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അഖിലിനേയും രണ്ടാം പ്രതി രാഹുലിനേയും കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പോലീസ് കോടതിയിൽ അപേക്ഷ നല്‍കും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് അഖിലിന്‍റെ മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത തേടാനാണ് പോലീസിന്‍റെ തീരുമാനം.

രാഖിയെ പ്രതികളായ അഖിലും രാഹുലും ചേർന്ന് കഴുത്തു ‍ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ശ്രമത്തെ എതിർത്തതുകൊണ്ടാണ് രാഖിയെ കൊന്നതെന്നാണ് അഖിലിന്‍റെ മൊഴി. 

മുഖ്യപ്രതി അഖിലും സഹോദരൻ രാഹുലും അയൽവാസിയായ ആദർശും ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തി എന്നാണ് രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കാറിൽ യാത്ര ചെയ്യുന്നതിനിടെ ആദ്യം കഴുത്ത് ഞെരിച്ചത് രാഹുലാണെന്നും തുടർന്ന് രണ്ട് പ്രതികളും ചേർന്ന് കയറുപയോഗിച്ച് കഴുത്ത് കുരുക്കി മരണം ഉറപ്പാക്കിയെന്നും റിമാ‌ൻഡ് റിപ്പോ‌ർട്ടിൽ പറയുന്നു. 

രാഖിയും അഖിലും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി അഖിലിന്‍റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വെച്ച് രാഖിയുടെ കഴുത്തിൽ താലികെട്ടി. എന്നിട്ടും വീട്ടുകാർ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസിൽ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

മൃതദേഹം കുഴിച്ചിടാനുളള കുഴി അച്ഛൻ മണിയന്റെ കൂടി സഹായത്തോടെ നേരത്തെ എടുത്തതായും അഖിൽ മൊഴി നൽകിയിട്ടുണ്ട്. അച്ഛന് കൊലയിൽ പങ്കില്ലെന്നാണ് അഖിലിന്‍റെ മൊഴിയെങ്കിലും പൊലീസ് അത് വിശ്വസിക്കുന്നില്ല.

Follow Us:
Download App:
  • android
  • ios