തിരുവനന്തപുരം: രാഖിയെ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു. യുവതിയുടെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തത് അച്ഛന്‍റെ സഹായത്തോടെയാണെന്ന് ഒന്നാം പ്രതി അഖില്‍ പൊലീസിന് മൊഴി നല്‍കി. 

ഒപ്പം ജീവിക്കണമെന്ന് രാഖി വാശി നിര്‍ബന്ധിച്ചു. ഒഴിവാക്കിയാൽ പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞു. രാഖി വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്. അച്ഛന് കൊലപാതകത്തിൽ പങ്കില്ല. കുഴി മുന്‍കൂട്ടി തയ്യാറാക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം കശ്മീരിലെ ലേയിലേക്കാണ് താന്‍ പോയത്. രാഖിയുടെ വസ്ത്രങ്ങളും ഫോണും ഉപേക്ഷിച്ചത് സഹോദരന്‍ രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി.

ഇന്ന് രാഹുലിനെയും അഖിലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഇരുവരെയും അമ്പൂരിയിലെ വീട്ടുവളപ്പിലെത്തിച്ച് പൊലീസ്  തെളിവെടുപ്പ് നടത്തും. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അഖില്‍ പിടിയിലായത്. രാഹുലിനെയും ഇന്നലെയാണ് പിടികൂടിയത്.