Asianet News MalayalamAsianet News Malayalam

അമ്പൂരി കൊലക്കേസ്: പ്രതി അഖിൽ റിമാൻഡിൽ, കല്ലെറിഞ്ഞ് നാട്ടുകാർ, തെളിവെടുപ്പ് തീർന്നില്ല

നാട്ടുകാർ പൊലീസ് വാഹനം തടയുകയും അഖിലിനെ കല്ലെറിയുകയും ചെയ്തതോടെ പ്രധാനപ്പെട്ട തെളിവുകൾ ശേഖരിക്കാനാകാതെ പൊലീസ് മടങ്ങി. കൊലയ്ക്ക് ഉപയോഗിച്ച കയർ പൊലീസിന് കിട്ടിയിട്ടില്ല. 

amboori rakhi murder case accused akhil in remand
Author
Thiruvananthapuram, First Published Jul 29, 2019, 10:39 PM IST

തിരുവനന്തപുരം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അമ്പൂരി രാഖി കൊലക്കേസിലെ പ്രതി അഖിലുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കാനാകാതെ പൊലീസ് മടങ്ങി. അഖിലിനെ നാട്ടുകാർ കല്ലെറിയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. അഖിലിനെ അടുത്ത മാസം ഒൻപതാം തീയതി വരെ റിമാൻഡ് ചെയ്തു.

രാഖിവധക്കേസിലെ ഒന്നാം പ്രതിയായ സൈനികൻ അഖിലുമായി പൊലീസ് തെളിവെടുപ്പ് നടത്തുമെന്നറിഞ്ഞ് സ്ഥലത്ത് രാവിലെ മുതൽ നാട്ടുകാർ തടിച്ചു കൂടിയിരുന്നു. അഖിൽ പുതുതായി പണിയുന്ന വീടിന്‍റെ പിന്നിലാണ് രാഖിയുടെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഇവിടെ തെളിവെടുത്ത ശേഷം കഴുത്ത് ഞെരിക്കാൻ ഉപയോഗിച്ച കയറും കണ്ടെടുത്തുകയായിരുന്നു പൊലീസിന്‍റെ ലക്ഷ്യം.

പ്രതിഷേധമുണ്ടാകുമെന്ന സൂചനകൾ കണക്കിലെടുത്ത് വൻ സന്നാഹത്തോടെയാണ് അഖിലിനെ തെളിവെടുപ്പിന് എത്തിച്ചതെങ്കിലും പൊലീസ് വാഹനം നാട്ടുകാർ തടഞ്ഞു. കേസിൽ ഒന്നും രണ്ടും പ്രതികളായ അഖിലിന്‍റെയും രാഹുലിന്‍റെയും മാതാപിതാക്കൾക്ക് പങ്കുണ്ടെന്നും ഇവരെ പ്രതി ചേർക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മാത്രമല്ല, അഖിലിനെ തെളിവെടുപ്പിനായി പുറത്തേക്ക് കൊണ്ടുവന്നപ്പോൾ നാട്ടുകാർ കൂവി വിളിച്ച് തുടങ്ങി. ബഹളം നിയന്ത്രണാതീതമായി. കല്ലേറും തുടങ്ങി. ഇതോടെ അഖിലിന് ചുറ്റും പൊലീസുകാർ കനത്ത സുരക്ഷാ വലയം തീർത്തു.

പ്രതിഷേധക്കാർക്ക് ഇടയിലൂടെ പ്രതിയുമായി പൊലിസ് തെളിവെടുപ്പിന് ശ്രമിച്ചു. തടസ്സപ്പെടുത്താൻ ശ്രമിച്ച നാട്ടുകാർക്കു നേരെ രണ്ടു പ്രാവശ്യം പൊലീസിന് ലാത്തി വീശേണ്ടി വന്നു. 

കയർ എടുത്തു നൽകാമെന്ന് അഖിൽ പറഞ്ഞപ്പോൾ പൊലീസ് കൈവിലങ്ങ് മാറ്റി. പക്ഷെ പ്രതിഷേധത്തെത്തുടർന്ന് തൊണ്ടിമുതൽ എടുക്കാനാകാതെ പൊലീസ് മടങ്ങി. അമ്പൂരിയിലെ വീടിന് മുമ്പിൽ കാർ നിർത്തിയിട്ടാണ് രാഖിയെ പ്രതികൾ കൊന്നത്. മരണം ഉറപ്പാക്കിയ ശേഷം വസ്ത്രങ്ങൾ മാറ്റി ഉപ്പ് വിതറി മൃതദേഹം കുഴിച്ചിട്ടു.  

വർഷങ്ങളായി രാഖിയും അഖിലും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള അഖിലിന്‍റെ നീക്കം രാഖിയെ ചൊടിപ്പിച്ചു. അഖിലുമായുള്ള ബന്ധം വെളിപ്പെടുത്തി ഈ പെൺകുട്ടിക്ക് രാഖി സന്ദേശമയച്ചതും, കോളെജിൽ കാണാൻ ചെന്നതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്.

രാഖിലെ കൊലപ്പെടുത്തിയ ശേഷം കാർ കഴുകിയ സ്ഥലം ഇവർ പൊലീസിന് കാണിച്ചുകൊടുത്തു. ഇവിടെ ഫൊറൻസിക് വിഭാഗം പരിശോധന നടത്തി.

Follow Us:
Download App:
  • android
  • ios