കൊല്ലം: അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. അതേസമയം യുവാവിനെ മനപ്പൂര്‍വം കേസില്‍ കുടുക്കിയതാണെന്ന ആരോപണവുമായി ഭാര്യ രംഗത്തെത്തി.

അഞ്ചൽ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശി ശബരിയെ പൊലീസ് അറസ്റ്റd ചെയ്തത്. പ്രേമം നടിച്ച് വലയിലാക്കിയശേഷം പെണ്‍കുട്ടികളുടെ തന്നെ വീടുകളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടികൾ രണ്ടുപേരും ചൈല്‍ഡ് ലൈനാണ് പരാതി നല്‍കിയത്. 

ചൈല്‍ഡ് ലൈനിന്‍റെ നിര്‍ദേശ പ്രകാരം അഞ്ചല്‍ പൊലീസ് ശബരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ശബരിയെ മനപൂര്‍വം കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നാരോപിച്ച് ഭാര്യ രംഗത്തെത്തി. 

മുസ്ലിം സമുദായത്തില്‍ പെട്ട തന്നെ പ്രേമിച്ച് വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കേസിനു പിന്നിലെന്നും ശബരിയുടെ ഭാര്യ പറയുന്നു. പരാതികളിന്മേല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അഞ്ചൽ പൊലീസ് അറിയിച്ചു .