ഹൈദരാബാദ്: തെലങ്കാനയില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് മറ്റൊരു യുവതിയുടെയും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ഷംസാബാദിലെ പാലത്തിന് ഏകദേശം ഒരുകിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസവും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. യുവതി കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിനിരയായെന്നും പൊലീസ് പറയുന്നു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ചയാണ് 26കാരിയായ പ്രിയങ്ക റെഡ്ഡിയെന്ന വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് പ്രിയങ്ക കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍മാരായ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്.