തൊടുപുഴ: ഓണ അവധിക്കാലത്ത് തൊടുപുഴക്കടുത്ത് കാഞ്ഞാറിൽ എംടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ആറ് പേർ പിടിയിൽ. പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കേരള ഗ്രാമീൺ ബാങ്കിന്റെ കാഞ്ഞാർ ടൗണിലുള്ള എടിഎമ്മിൽ നിന്നും ആറംഗ സംഘം പണം മോഷ്ടിക്കാൻ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇടുക്കി കരിമണ്ണൂർ സ്വദേശി ഷിജിൻ, ഇടപ്പള്ളി സ്വദേശി അഭിജിത്ത്, അങ്കമാലി സ്വദേശികളായ ഏലിയാസ്, മനു, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് എടിഎമ്മിന്റെ ചെസ്റ്റ് തകർത്തെങ്കിലും പണം കൈക്കലാക്കാൻ സംഘത്തിന് കഴിഞ്ഞില്ല. എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി ക്യാമറയും, അലാമും ഇവർ തകർത്തു. സമീപത്തെ സ്ഥപനങ്ങളിലും വീടുകളിലും ഉള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. സംഭവ സമയത്ത് ഒരു വെള്ള കാർ എടിഎമ്മിന് സമീപത്ത് എത്തിയ ദൃശ്യങ്ങൾ ലഭിച്ചതും നിർണായകമായി.

പ്രതികളിൽ രണ്ട് പേർ അങ്കമാലിയിലെ ഒരു മൊബൈൽ മോഷണ കേസിൽ റിമാൻഡിലാണ്. പ്രതികൾ മുമ്പും മോഷണ കേസുകളിൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേർ മുമ്പ് ജയിലിൽ ഒരുമിച്ച് കഴിഞ്ഞിട്ടുണ്ട്. ഈ പരിചയം വച്ച് ഓണ അവധിക്കാലത്ത് പല സ്ഥലത്ത് മോഷണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കഞ്ഞാറിലുള്ള ബിവറേജസ് ഔട്ട് ലെറ്റിലാണ് സംഭവ ദിവസം അദ്യം എത്തിയത്. സുരക്ഷ ജീവനക്കാരൻ ഉണ്ടായിരുന്നതിനാൽ പരാജയപ്പെട്ടു. തുടർന്ന് എടിഎമ്മിലും മറ്റൊരു ബിവറേജസ് ഔട്ട് ലെറ്റിലും മോഷണം നടത്താൻ ശ്രമിച്ചു. എടിഎം തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കാഞ്ഞാറിലെ വർക്ക്ഷോപ്പിൽ നിന്നും മോഷ്ടിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കാഞ്ഞാർ, കാളിയാർ, തൊടുപുഴ എന്നീ സ്റ്റേഷനുകളിലെ പൊലീസിന്റെ സംയുക്ത അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.