ഞായറാഴ്ചയാണ് ഗുവാഹാത്തിയിലെ അപ്പാർട്ട്മെന്റിൽ റിയയുടെ മൃതദേഹം തലയില്ലാത്തനിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുൻപാണ് രാമാനുജും റിയയും വിവാഹിതരായത്. ഗുവാഹാത്തിയിലെ അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച മുതൽ രണ്ടുപേരെയും പുറത്തുകണ്ടിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്.
ഗുവാഹാത്തി: ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അസമിലെ ഗുവാഹാത്തിയിൽ താമസിക്കുന്ന രാമാനുജ് ഗോസ്വാമിയാണ് അറസ്റ്റിലായത്. ഭാര്യയായ റിയ താലുക്ദറി(25)നെയാണ് രാമാനുജ് ഗോസ്വാമി അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇയാൾ ഞായറാഴ്ച രാത്രിയോടെ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അതേസമയം, ഭാര്യയെ കൊലപ്പെടുത്തിയതിൽ പശ്ചാത്താപമില്ലെന്നും മാപ്പ് പറയാനില്ലെന്നും പ്രതി പറഞ്ഞു. ഇനി ഭാര്യയുടെ 'ഷുഗർ ഡാഡി'യെ കൂടി കൊല്ലുമെന്നും ഇയാൾ പറഞ്ഞു. പൊലീസ് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോളായിരുന്നു പ്രതി ഇങ്ങനെ പറഞ്ഞത്. അതേസമയം, ആരാണ് ഭാര്യയുടെ ഷുഗർഡാഡിയെന്ന ചോദ്യത്തിന് പ്രതി മറുപടി നൽകിയില്ല.
ഞായറാഴ്ചയാണ് ഗുവാഹാത്തിയിലെ അപ്പാർട്ട്മെന്റിൽ റിയയുടെ മൃതദേഹം തലയില്ലാത്തനിലയിൽ കണ്ടെത്തിയത്. ഏതാനും മാസം മുൻപാണ് രാമാനുജും റിയയും വിവാഹിതരായത്. ഗുവാഹാത്തിയിലെ അപ്പാർട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. എന്നാൽ, വെള്ളിയാഴ്ച മുതൽ രണ്ടുപേരെയും പുറത്തുകണ്ടിട്ടില്ലെന്നാണ് അയൽവാസികൾ പറയുന്നത്. ഞായറാഴ്ച ഇവരുടെ അപ്പാർട്ട്മെന്റിൽനിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തുകടന്നതോടെയാണ് അഴുകിത്തുടങ്ങിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം. പൊലീസ് നടത്തിയ പരിശോധനയിൽ അപ്പാർട്ട്മെന്റിലെ ഫ്രിഡ്ജിൽനിന്ന് യുവതിയുടെ അറത്തുമാറ്റിയ തലയും കണ്ടെത്തി. ഒരു പോളിത്തീൻ കവറിലാക്കിയാണ് അറത്തുമാറ്റിയ തല ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്.
കൊല്ലപ്പെട്ടത് റിയയാണെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും ഇവരുടെ ഭർത്താവ് അപ്പാർട്ട്മെന്റിലുണ്ടായിരുന്നില്ല. തുടർന്ന് ഇയാൾക്കായി ഊർജിതമായ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ പ്രതി പൊലീസിൽ കീഴടങ്ങിയത്. ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്നും പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽവിട്ടു.
കോടതിവളപ്പിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് കൊലപാതകത്തിൽ പശ്ചാത്താപമില്ലെന്നും മാപ്പ് പറയാനില്ലെന്നും രാമാനുജ് ഗോസ്വാമി പ്രതികരിച്ചത്. ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ഭാര്യയുടെ ഷുഗർ ഡാഡിയെ കൂടി കൊല്ലുമെന്നും ഇയാൾ വിളിച്ചുപറഞ്ഞു. എന്നാൽ, ഇത് ആരാണെന്ന് വെളിപ്പെടുത്തിയത്. സംഭവത്തിൽ പ്രതി പറഞ്ഞ ഷുഗർഡാഡി ആരാണെന്നതടക്കം കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.


