വാരണാസി: വാരണാസിയില്‍ നേപ്പാള്‍ പൌരനെ അപമാനിച്ച സംഭവത്തില്‍ വിശ്വഹിന്ദു സേന നേതാവ് അരുണ്‍ പാഠകിനെതിരെ കേസ്. നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അക്രമം. ഭേലുപൂര്‍ പൊലീസാണ് അരുണ്‍ പാഠക്  അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 295, 505, 120ബി, 67 ഐടി ആക്ട്, 7 സിഎല്‍എ ആക്ട് എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വാരണാസി പൊലീസ് വിശദമാക്കുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട്. സംഭവത്തില്‍ നാലുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് പാണ്ഡേ, രാജു യാദവ്, അമിത് ദൂബേ, ആശിഷ് മിശ്ര എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിലെ പ്രധാനപ്രതിയായ വിശ്വഹിന്ദു സേനാ നേതാവ് അരുണ്‍ പാഠക് പിടിയിലായിട്ടില്ല. 

സംഭവത്തേക്കുറിച്ച് വാരണാസി സിറ്റി എസ് പി വികാസ് ചന്ദ്ര ത്രിപാഠി പറയുന്നത് ഇങ്ങനെ

അരുണ്‍ പാഠക്  ഒരാളുടെ തല മുണ്ഡനം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിലെ ദേഷ്യത്തെ തുടര്‍ന്നായിരുന്നു അരുണ്‍ പാഠകിന്‍റെ പ്രവര്‍ത്തി. സംഭവത്തില്‍ കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 

ബുധനാഴ്ചയാണ് വാരണാസിയില്‍ താമസിക്കുന്ന നേപ്പാളി പൌരനെ വിശ്വഹിന്ദു സേനാ നേതാവ് മുണ്ഡനം ചെയ്തത്. ഇതിന് പിന്നാലെ ഇയാളുടെ തലയില്‍  ജയ് ശ്രീ റാം   എന്നും ഇവര്‍ എഴുതി വയ്ക്കുകയായിരുന്നു. നേപ്പാള്‍ പ്രധാനമന്ത്രിക്ക് താക്കീത് എന്ന നിലയിലാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. രാജ്യത്തെ മറ്റ് നേപ്പാള്‍ പൌരന്മാരും സമാനമായ അനുഭവങ്ങള്‍ നേരിടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

'യഥാര്‍ത്ഥ അയോധ്യ നേപ്പാളില്‍, ശ്രീരാമനും നേപ്പാളി'; വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി