പ്രധാനപ്പെട്ട നടീ നടന്‍മാരെ വെച്ച് ഒരു ദിവസം ഷൂട്ട് നടത്തി. ആ വീഡിയോ ഉപയോഗിച്ച് ആരതി ഷാജി അറിയാതെ സണ്ണിയും റാണിയും ചേര്‍ന്ന് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് ആരോപണം.

നിലമ്പൂര്‍: മകനെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് കൊല്ലത്തെ അധ്യാപികയില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതികൾ സിനിമാ സഹസംവിധായകനെയും പറ്റിച്ചു. താൻ ഒരു ദിവസം ഷൂട്ട് ചെയ്ത വീഡിയോ കാണിച്ച് നിരവധി പേരിൽ നിന്ന് സണ്ണിയും റാണിയും ചേര്‍ന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് സഹ സംവിധായികന്‍റെ പരാതി. ആരതി ഷാജിയെന്ന സഹസംവിധായികനെയാണ് പ്രതികള്‍ പറ്റിച്ച് പണം തട്ടിയത്.

സണ്ണി സഹസംവിധായകനായ ഷാജിയെ സമീപിക്കുന്നത് കാറ്റാടി എന്ന പേരിലൊരു സിനിമ അണിയറയിലുണ്ടെന്നും ആ ചിത്രം സംവിധാനം ചെയ്യണം എന്ന് പറഞ്ഞായിരുന്നു. പ്രധാനപ്പെട്ട നടീ നടന്‍മാരെ വെച്ച് ഒരു ദിവസം ഷൂട്ട് നടത്തി. ആ വീഡിയോ ഉപയോഗിച്ച് ആരതി ഷാജി അറിയാതെ സണ്ണിയും റാണിയും ചേര്‍ന്ന് പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിയെന്നാണ് ആരോപണം. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നും ഷാജി പറയുന്നു.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയുടെ ഭാര്യയെയും മകളെയും ബന്ധുക്കളെയും കാറ്റാടി സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപയാണ് സണ്ണി തട്ടിയെടുത്തത്. സാമൂഹിക മാധ്യമം വഴിയാണ് ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നതും തട്ടിപ്പിനിരയാക്കുന്നതും. സംഭവത്തില്‍ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി കൊടുത്തെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ഇവരെ പോലെ വേറെ നിരവധി പേര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. നാണക്കേട് ഭയന്ന് എല്ലാവരും പുറത്ത് പറയാന്‍ മടിക്കുകയാണ്. പണം തിരിച്ച് ചോദിച്ചവരെ സമൂഹമാധ്യമം വഴിയും ഫോണ്‍ വഴിയും ഭീഷണിപ്പെടുത്തുകയാണെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

മകനെ സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത് അധ്യാപികയില്‍ സണ്ണി തട്ടിയെടുത്തത് ആറ് ലക്ഷം രൂപയാണ്. ടിക്കി ആപ്പ് വഴി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ചാറ്റും മോര്‍ഫ് ചെയ്ത ഫോട്ടോകളും പ്രചരിപ്പിക്കും എന്നായിരുന്നു തട്ടിപ്പു സംഘത്തിന്‍റെ ഭീഷണി. സാമൂഹിക മാധ്യമങ്ങള്‍ വഴി അധ്യാപികയ്ക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ തുടര്‍ന്നതോടെ പൊലീസില്‍ കൊടുത്ത പരാതിയില്‍ നിലമ്പൂര്‍, തിരുവനന്തപുരം സ്വദേശികളായ സണ്ണി, റാണി എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. 

Read More : 17കാരന് സ്‌കൂട്ടർ ഓടിക്കാൻ കൊടുത്തു, മലപ്പുറത്ത് യുവാവിന് പണി കിട്ടി; കോടതി പിഴയിട്ടത് 30,250 രൂപ