എടിഎമ്മിനുള്ളിൽ ഉണ്ടായിരുന്ന 21,11,800 രൂപയാണ് കത്തിനശിച്ചെന്ന് താനെ പൊലീസ് വ്യക്തമാക്കി. തീപിടുത്തത്തിൽ എടിഎമ്മിന് അകത്തുള്ള മെഷീനുകള്‍ക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും മെഷീൻ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തു.

താനെ : മഹാരാഷ്ട്രയിൽ എടിഎം കവർച്ചക്കിടെ കള്ളൻമാ‌ർ കത്തിച്ചത് 21 ലക്ഷം രൂപ. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമിക്കവെയാണ് മോഷണത്തിനിടെ അമളി പറ്റി പണമെല്ലാം കത്തി നശിച്ചത്. ജനുവരി 13 ന് പുലർച്ചെ താനെയിലെ ഡോംബിവാലി ടൗൺഷിപ്പിലെ വിഷ്ണു നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ദേശസാൽകൃത ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം. എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയാണ് കത്തിയമർന്നതെന്ന് താനെ പൊലീസ് പറ‍ഞ്ഞു . 

ജനുവരി 13 ന് പുലർച്ചെയാണ് മോഷ്ടാക്കൾ എടിഎം കൗണ്ടറിലെത്തുന്നത്. ആദ്യം ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ എടിഎം സ്ഥാപിച്ച മുറിക്കുള്ളിലെത്തി. എടിഎം പൊളിക്കാനായി ഇവർ ഗ്യാസ് കട്ടർ കയ്യിൽ കരുതിയിരുന്നു. ഇതുപയോഗിച്ച് എടിഎം പൊളിക്കാൻ ശ്രമിക്കവെയാണ് പണി പാളിയത്. ഗ്യാസ് കട്ടർ ഉപയോഗിക്കവെ ഉണ്ടായ കടുത്ത ചൂട് തീപിടുത്തത്തിന് കാരണമായി. തുടർന്ന് എടിഎമ്മിൽ സൂക്ഷിച്ചിരുന്ന 21 ലക്ഷം രൂപയും കത്തി ചാമ്പലാവുകയായിരുന്നു. 

എടിഎമ്മിനുള്ളിൽ ഉണ്ടായിരുന്ന 21,11,800 രൂപയാണ് കത്തിനശിച്ചെന്ന് താനെ പൊലീസ് വ്യക്തമാക്കി. തീപിടുത്തത്തിൽ എടിഎമ്മിന് അകത്തുള്ള മെഷീനുകള്‍ക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും മെഷീൻ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു. എടിഎം സെന്റർ കൈകാര്യം ചെയ്യുന്ന ഏജൻസി നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Read More :  'ആകാശം കീഴടക്കാൻ പറന്നു, പക്ഷേ വെടിയേറ്റ് വീണു'; തഖിയുദ്ദീൻ, യൂസഫ് അലിക്കും മുന്നേ ലോകമറിഞ്ഞ മലയാളി വ്യവസായി!