കൊച്ചി: ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ വച്ച് ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച പ്രതിയെ റിമാന്റ് ചെയ്തു. ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെയാണ് റിമാന്‍ഡ് ചെയ്തത്. 

സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കമ്മിഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നിൽ വെച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധമുണ്ടായത്. 

എന്നാൽ മുളക് സ്പ്രേ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേശം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്പ്രേയാണോയെന്ന് സ്ഥിരീകരിക്കാനും പൊലീസിന് സാധിച്ചിട്ടില്ല.