പൂതക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനാണ് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. കേസിൽ മൂന്ന് പേരെ പരവുർ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം: പരവൂരിൽ വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം. പൂതക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനാണ് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. കേസിൽ മൂന്ന് പേരെ പരവുർ പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് സുനിൽകുമാറും കുടുംബവും പൂതക്കുളം കടമ്പ്ര മാടൻ നടയ്ക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. വീടിന് മുന്നിലിരുന്നു മദ്യപിച്ചിരുന്ന സംഘത്തെ യുവാവ് വിലക്കിയിരുന്നു. ഇതേച്ചൊല്ലി മദ്യപ സംഘവുമായി വാക്ക് തര്‍ക്കവുമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം പ്രതികൾ പ്രദേശത്തെ ക്ഷേത്ര ഉത്സവ ഘോഷയാത്രയക്കിടയിൽ സുനിലിനെ വീട് കയറി ആക്രമിച്ചത്. കന്പിവടയും വെട്ടുകത്തിയും കൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ തലയ്ക്കും കാലിനും സാരമായി പരിക്കേറ്റു. സുനിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
യുവാവിന്റെ കുടുംബാംഗങ്ങളുടെ പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പരവൂർ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പൂതക്കുളം സ്വദേശികളായ രജീഷ്, സുഭാഷ്, അഭിനേഷ് എന്നിവരാണ് പിടിയിലായത്. പ്രതികൾ മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
