ചടയമംഗലത്ത് ഒരാഴ്ചമുമ്പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചടയമംഗലം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ ഷിബുവിനെ ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം: ചടയമംഗലത്ത് ഒരാഴ്ചമുമ്പ് കാണാതായ ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചടയമംഗലം ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ ഷിബുവിനെ ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ആറാം തിയതി വൈകിട്ട് വീട്ടിൽ നിന്നും ഓട്ടം പോകുന്നു എന്ന് പറഞ്ഞു പോയ ഷിബുവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു.ചടയമംഗലം കല്ലടയാറിന്റെ തീരത്ത് നിന്നും കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ ചടയമംഗലം പൊലീസ് കണ്ടെത്തി.

ഓട്ടോറിക്ഷ ടയറുകളുടെ കാറ്റ് അഴിച്ചു വിട്ട നിലയിലായിരുന്നു. പൊലീസ് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഷിബു ധരിച്ചിരുന്ന ഒരു ചെരുപ്പും ഓട്ടോറിക്ഷയുടെ താക്കോലും കുറ്റിക്കാട്ടിൽ നിന്നു കിട്ടി. തുടർന്ന് ഫയർഫോഴ്സിന്റ നേതൃത്വത്തിൽ ആറ്റിൽ വ്യാപക തിരച്ചിൽ നടത്തി.

ആറ്റിൽ നിന്നും ഒരു ഷർട്ട് ലഭിച്ചു ഈ ഷർട്ടിന്റെ ബട്ടൺസുകൾ പൂർണ്ണമായും പൊട്ടിയിരുന്നു. ഷിബുവിനെ കാണാതാകുമ്പോൾ ധരിച്ചിരുന്ന ഷർട്ടാണ് ഇതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.ആറ്റിൽ വ്യാപക തെരച്ചിൽ നടത്തിയിട്ടും മറ്റൊന്നും ലഭിച്ചില്ല.

തുടർന്നാണ് ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ഷിബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വിറക് ശേഖരിക്കാനെത്തിയ വീട്ടമ്മയാണ് ഷിബു റബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

രാവിലെയും ഇവർ വിറക് ശേഖരിക്കാൻ ഇവിടെ വന്നിരുന്നു. അപ്പോഴൊന്നു ഇവിടെ അസ്വഭാവികമായി ഒന്നും ഇല്ലായിരുന്നു. ഉച്ചയോടെ വീണ്ടും വിറക് ശേഖരിക്കാൻ ഇവരെത്തുപ്പോഴാണ് ഷിബുവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

കാവി നിറത്തിലുള്ള കൈലി മാത്രം ധരിച്ച നിലയിലായിരുന്നു വേഷം. ഒരു വെളളമുണ്ടിലാണ് മൃതദേഹം തൂങ്ങി നിന്നിരുന്നത്. ഉടുത്തിരിക്കുന്ന കൈലിയിൽ രക്ത കറയുണ്ട് കൈ മുട്ടിൽ മുറിവുണ്ട്.ദുരൂഹതകളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.