സിഡ്‌നി: ഒരു കാലത്ത് അയാളൊരു ദുസ്വപ്‌നമായിരുന്നു, വിനോദസഞ്ചാരികൾക്ക്. പിൽക്കാലം അയാൾ വിനോദസഞ്ചാരികളെ മാത്രം കൊന്നൊടുക്കുന്ന ഒരു സീരിയൽ കില്ലറായി അറിയപ്പെട്ടു. വെറും മൂന്ന് വർഷത്തെ ഇടവേളയിൽ ഏഴ് പേരെ കൊന്ന്, എട്ടാം കൊലപാതകത്തിന് തൊട്ട് മുൻപ് പൊലീസ് പിടിയിലായ, കുപ്രസിദ്ധ കില്ലർ ഇവാൻ മില്ലറ്റ് അന്തരിച്ചു. സിഡ്‌നിയിലെ ജയിലിൽ തടവിൽ കഴിയുന്നതിനിടെയായിരുന്നു മരണം.

ഓസ്ട്രേലിയയിൽ 1979 നും 1982 നും ഇടയിലുള്ള ചുരുങ്ങിയ സമയത്തിനിടയിലാണ് ഇയാൾ തന്റെ ക്രൂരകൃത്യങ്ങളെല്ലാം ചെയ്തത്. വിനോദസഞ്ചാരികൾ മാത്രമായിരുന്നു ഇവാന്റെ ഇരയായത്. അതും 19 ഉം 22 ഉം വയസിനിടയിൽ പ്രായമുള്ളവർ. 

ഓരോ കൊലപാതകവും വന്യമായ ഒരാനന്ദമായിരുന്നു അയാൾക്ക്. സിഡ്‌നിയിൽ നിന്നും മെൽബണിലേക്കുള്ള പാതയിൽ ആ ആനന്ദം നേടാനായി മാത്രം അയാൾ കാറുമായി കാത്തുനിന്നു. യാത്രക്കായി കാറിനകത്ത് കയറിയവരിൽ, 19 മുതൽ 22 വരെ പ്രായമുള്ള ഏഴ് പേരെ അയാൾ മെൽബണിലേക്ക് കൊണ്ടുപോയില്ല. അവരെ ന്യൂസൗത്ത് വെയ്ൽസിലെ കാട്ടിലേക്കായിരുന്നു കൊണ്ടുപോയത്.

കാട്ടിനകത്ത് വച്ച് ക്രൂരമായി മർദ്ദിച്ചും വെടിവച്ചും സഞ്ചാരികളെ കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി. അതിന് യാതൊരു കാരണവും ഇല്ലായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ അടക്കം ചെയ്യാൻ അയാൾ ഈ കാട്ടിൽ തന്നെ കുഴിയെടുക്കും. കൈകൾ പുറകിലേക്ക് കെട്ടി, മൃതദേഹം കമിഴ്ത്തി കുഴിയിൽ കിടത്തും. ഇതിന് മേലെ മണ്ണിട്ട് മൂടും.

താൻ കൊന്ന ഒരാളെ പോലും ഇവാൻ മറ്റൊരു രീതിയിൽ അടക്കം ചെയ്തിരുന്നില്ല. ജർമനിയിൽ നിന്നുള്ള മൂന്ന് പേരും ബ്രിട്ടനിൽ നിന്നുള്ള രണ്ട് പേരും ഓസ്ട്രേലിയയിൽ നിന്നുള്ള രണ്ട് പേരുമാണ് അയാളുടെ കൈകൾക്ക് ഇരയായത്. ഏഴ് കൊലപാതകങ്ങൾ വിദഗ്ദ്ധമായി ചെയ്തുതീർത്ത ഇവാൻ, എട്ടാമത്തെ കുറ്റകൃത്യം പാളിയതോടെയാണ് പൊലീസിന്റെ പിടിയിലായത്. 

ഇവാന്റെ എട്ടാമത്തെ ഇരയായിരുന്ന ബ്രിട്ടീഷ് പൗരൻ പോൾ ഒനിയണ് ആയുസ്സുണ്ടായിരുന്നു. അയാൾ ഇവാന്റെ പിടിയിൽ നിന്നും സമർത്ഥമായി രക്ഷപ്പെട്ടു. പിന്നീട് പൊലീസിനെ സമീപിച്ച് ഇവാനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി. 

അന്ന് തൊട്ട് ഇവാൻ ഇരുമ്പഴികൾക്കുള്ളിലായിരുന്നു. ജീവിതാവസാനം വരെ പിന്നീടയാൾക്ക് സ്വാതന്ത്ര്യം അറിയാൻ, അനുഭവിക്കാനായില്ല. ഒടുവിൽ ക്യാൻസർ രോഗത്തിന്റെ പിടിയിൽ അകപ്പെട്ട ഇവാന്റെ അന്ത്യവും വേദനകളുടേതായി മാറുകയായിരുന്നു. സിഡ്‌നിയിലെ തടവറയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ഇവാന് ക്യാൻസറിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചില്ല.