തിരുവനന്തപുരം: പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം. ബേക്കറി ഉടമയെ ഗുണ്ടാ സംഘം കടയിൽ കയറി കുത്തിപരിക്കേൽപ്പിച്ചു. ഗുണ്ടകൾ ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പള്ളിപ്പുറം സിആർപിഎഫ് ജംഗ്ഷനിൽ ബേക്കറി കട നടത്തുന്ന സജാദിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനവാസും സംഘവും പണം ആവശ്യപ്പെട്ട് സജാദിന്റെ കടയിലെത്തി. പണം നൽകാൻ വിസമ്മതിച്ചതോടെ ഭീഷണിപ്പെടുത്തിയെങ്കിലും സജാദ് വഴങ്ങിയില്ല. പിന്നാലെയായിരുന്നു ആക്രമണം. കഴുത്തിനും കൈയ്ക്കും സാരമായി പരിക്കേറ്റ സജാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അക്രമം തടയാനെത്തിയ ഓട്ടോ റിക്ഷ ഡ്രൈവർ അഷ്റഫിനും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാരെ ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷാനവാസ്. വധശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.