മറ്റ് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം. കഴിഞ്ഞ 10 ദിവസത്തിനിടെ 67 പേരെ തങ്ങൾ ചോദ്യം ചെയ്തതായി ഐഎസ് ഡി അറിയിച്ചു.

ബെംഗളൂരു: നഗരത്തിലെ മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് കർണാടക പോലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗവും അന്വേഷണം ഊ‍ജിതമാക്കി. ഇതുവരെ 8 എഫ്ഐആറുകൾ ഐഎസ്-ഡി രജിസ്റ്റർ ചെയ്തു. സിനിമാ മേഖലയിലുള്ളവരെ കൂടാതെ മുന്‍ ക്രിക്കറ്റ് താരത്തെയും ചോദ്യം ചെയ്തു. അതേസമയം മയക്കുമരുന്ന് കടത്തു സംഘത്തിലെ കണ്ണികളായ 5 പേർ ഇന്ന് ബെംഗളൂരുവില്‍ പിടിയിലായി.

കേന്ദ്ര ഏജന്‍സിയായ എന്‍സിബിയും സംസഥാന പോലീസിന് കീഴിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും കൂടാതെ കർണാടക പോലീസിലെ ആഭ്യന്തര സുരക്ഷാ വിഭാഗം അഥവാ ഐഎസ്-ഡിയും മയക്കുമരുന്ന് റാക്കറ്റിനെതിരെ പിടിമുറുക്കുകയാണ്. ലഹരി കേസുകളില്‍ അറസ്റ്റിലായവർക്ക് മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ബന്ധങ്ങളുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം. 

മറ്റ് സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം. കഴിഞ്ഞ 10 ദിവസത്തിനിടെ 67 പേരെ തങ്ങൾ ചോദ്യം ചെയ്തതായി ഐഎസ് ഡി അറിയിച്ചു. ഇതില്‍ കന്നഡ സിനിമാ സീരിയല്‍ രംഗത്തെ നടിനടന്‍മാരും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളുമുണ്ട്. നടന്‍ അഭിഷേക്, നടി ഗീത ഭാരതി ഭട്ട് എന്നിവരെയാണ് ഇന്ന് ചോദ്യം ചെയതത്, പ്രമുഖ നടന്‍ യോഗേഷ്, മുന്‍ രഞ്ജി ക്രിക്കറ്റ് താരം എന്‍സി അയ്യപ്പ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍ ജെഡിഎസ് എംപി ശിവരാമ ഗൗഡയുടെ മകന്‍ ചേതന്‍ ഗൗഡ, നിലവിലെ ഒരു ബിജെപി എംപിയുടെ മകന്‍ എന്നിവർക്കും ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തും.

സപ്റ്റംബർ 12ന് ബെംഗളൂരുവില്‍ വച്ച് മയക്കുമരുന്നുമായി ഐഎസ് ഡിയുടെ പിടിയിലായ മലയാളികളായ റാന്‍ ഡാനിയേല്‍, ഗോകുല്‍ കൃഷ്ണ എന്നിവരില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവനന്തപുരം സ്വദേശികളായ ഇരുവരും സിനിമാ മേഖലയിലുള്ള ചിലർക്ക് രാസലഹരി വസ്തുക്കൾ വിതരണം ചെയ്തെന്ന് മൊഴി നല്‍കിയിരുന്നു.

അതേസമയം സുഡാന്‍ സ്വദേശിയുൾപ്പെടെ മയക്കുമരുന്ന് കടത്തുസംഘത്തിലെ 5 പേർ ഇന്ന് നഗരത്തില്‍ പിടിയിലായി. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ , ജുറാസിസ് ഗുളികകൾ ഇവരില്‍നിന്നും പിടികൂടിയതായി പോലീസ് അറിയിച്ചു.