Asianet News MalayalamAsianet News Malayalam

തെലങ്കാനയിലെ അഭിഭാഷകരുടെ അരുംകൊല: വ്യാപക പ്രതിഷേധം, ടിആർഎസ് നേതാവ് ഒന്നാം പ്രതി

തെലങ്കാന ഹൈക്കോടതിക്ക് മുന്നിൽ ഇന്നും അഭിഭാഷകർ പ്രതിഷേധിച്ചു. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകി..

Bar lawyers' murder in Telangana: Widespread protest, TRS leader first accused
Author
Hyderabad, First Published Feb 18, 2021, 11:40 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ അഭിഭാഷക ദമ്പതികൾ വെട്ടേറ്റു മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. പ്രാദേശിക ടിആർഎസ്  നേതാവിനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാളും സഹായിയും ഇരുവരെയും ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തെലങ്കാന ഹൈക്കോടതിക്ക് മുന്നിൽ ഇന്നും അഭിഭാഷകർ പ്രതിഷേധിച്ചു. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകി. വിവിധ നേതാക്കൾ രാവിലെ  ആശുപത്രിയിൽ എത്തി.  സംസ്ഥാനത്ത് നിയമ വ്യവസ്ഥ നശിച്ചെന്നു ബിജെപി ആരോപിച്ചു.

അഭിഭാഷക ദമ്പതികളെ നടുറോഡില്‍ ഇട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകരായ വമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് പ്രമാദമായ കേസുകൾ വാദിച്ചിരുന്ന ഇരുവരെയും യാത്രക്കിടെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി അക്രമികൾ വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് തെലങ്കാന ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

പെടപ്പള്ളി ജില്ലയിലൂടെ ഇരുവരും കാറില്‍ സഞ്ചരിക്കവേ അക്രമികൾ വലിച്ചിറക്കി വെട്ടിവീഴ്ത്തുകയായിരുന്നു. ഏറെ നേരം ചോരവാർന്ന് റോഡില്‍ കിടന്ന വമന്‍ റാവു അക്രമിച്ച ചിലരുടെ പേരുകളും പറഞ്ഞു. ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

സംസ്ഥാനത്തെ പ്രമാദമായ കേസുകൾ തെലങ്കാന ഹൈക്കോടതിയില്‍ വാദിച്ചിരുന്ന അഭിഭാഷകരാണ് ഇരുവരും. ടിആ‌‍ർഎസ് നേതാക്കളടക്കം പ്രതിയായ അനധികൃത സ്വത്തുസമ്പാദന കേസും, ഏറെ വിവാദമായ കസ്റ്റഡി മരണ കേസും കോടതിയുടെ പരിഗണനയിലിരിക്കെയാണ് കൊലപാതകം. നേരത്തെ കേസ് പരിഗണിക്കവേ ഇരുവർക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി ഡിജിപിയോട് നിർദേശിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹൈക്കോടതി മുറ്റത്ത് അഭിഭാഷകർ ധർണ നടത്തി. ചീഫ് ജസ്റ്റിസിന് സംയുക്ത ഹർജിയും നല്‍കി. അതേസമയം അക്രമികളില്‍ ഒരാളും രക്ഷപ്പെടില്ലെന്ന് രാമഗുണ്ടം പൊലീസ് കമ്മീഷണർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios