കൊച്ചി: എറണാകുളത്ത് ബ്യൂട്ടി പാർലർ മാനേജറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാക്കനാടിന് സമീപം തെങ്ങോടാണ് സംഭവം. സെക്കന്ദരാബാദ് സ്വദേശി വിജയ് ശ്രീധരൻ ആണ് കൊല്ലപ്പെട്ടത്. വയറ്റിൽ കുത്തേറ്റാണ് മരണ കാരണം. സംഭവവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാർലർ ജീവനക്കാരനായ സെക്കന്ദരാബാദ് സ്വദേശി ചണ്ടി രുദ്രയെ പൊലീസ് തെരയുന്നു. 

ഇടച്ചിറയിലുള്ള ബ്യൂട്ടി പാർലർ ജീവനക്കാർ താമസിക്കുന്ന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മാസം മുൻപാണ് ജീവക്കാരായ നാല് പേർ ഇവിടെ താമസം തുടങ്ങിയത്. വാക്കുതർക്കത്തെ തുടർന്ന് വിജയ് ശ്രീധരനെ ചണ്ടി കുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് സ്‌ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കി.