പൊലീസുൾപ്പെട്ട മയക്കുമരുന്ന് ഇടപാടുകളിലെ ഇടനിലക്കാരനായിരുന്നു താനെന്നും ഇതേച്ചൊല്ലിയുളള തർക്കത്തിനൊടുവിലാണ് ബ്യൂട്ടി പാർലർ കേസിലേക്ക് തന്നെ വലിച്ചിഴക്കുന്നതെന്നും ഡോ. അജാസ്.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന സിനിമാ നിർമാതാവായ ഡോക്ടർ കൊച്ചി സിറ്റി ഷാഡോ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. പൊലീസുൾപ്പെട്ട മയക്കുമരുന്ന് ഇടപാടുകളിലെ ഇടനിലക്കാരനായിരുന്നു താനെന്നും ഇതേച്ചൊല്ലിയുളള തർക്കത്തിനൊടുവിലാണ് ബ്യൂട്ടി പാർലർ കേസിലേക്ക് തന്നെ വലിച്ചിഴക്കുന്നതെന്നുമാണ് ഡോ. അജാസിന്‍റെ ഭാഷ്യം.
എന്നാൽ ബ്യൂട്ടി പാലർറിൽ വെടിവയ്പുണ്ടാകുമെന്ന് ഡോ. അജാസും ഷാഡോ പൊലീസും മുൻകൂട്ടി അറിഞ്ഞതെങ്ങനെയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
കഴിഞ്ഞ ഡിസംബർ ഇരുപതിനായിരുന്നു രണ്ടു കോടി രൂപ വില വരുന്ന ഐസ് മത്ത് എന്ന ലഹരി മരുന്ന് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൊച്ചി ഷാഡോ പൊലീസ് പിടികൂടിയത്. എന്നാൽ കൊച്ചിയിലല്ല, ചെന്നൈയിൽ വെച്ചാണ് ഇത് പിടികൂടിയതെന്നും താനായിരുന്നു ഇടനിലക്കാരനെന്നും അജാസ് പറയുന്നു.
പ്രതിയായ ഇബ്രാംഹിം ഷെരീഫിനെ തോക്കിൻമുനയിൽ നിർത്തിയായിരുന്നു അറസ്റ്റ്. വാങ്ങിയ മൂന്നുകിലോയിൽ രണ്ടുകിലോ മാത്രമാണ് രേഖകളിൽ കാണിച്ചത്. ഒരു കിലോ ലഹരിമരുന്ന് ഷാഡോ പൊലീസിലെ ചിലർ തന്നെ മറിച്ചുവിറ്റു.
ഇടപാടിനായി എട്ടുലക്ഷം രൂപ മുടക്കിയ തനിക്ക് പണം നഷ്ടപ്പെട്ടു. അത് തിരിച്ചു വേണമെന്ന് ഷാഡോ പൊലീസിനോട് ആവശ്യപ്പെട്ടതോടെയാണ് ബ്യൂട്ടി പാർലർ കേസിൽ ഉൾപ്പെടുത്തുമെന്ന ഇടനിലക്കാരുടെ ഭീഷണിയെത്തിയത്
എന്നാൽ മയക്കു മരുന്ന് കേസിൽ ഇടനിലക്കാരനായിരുന്ന ഡോ. അജാസ് തന്നെയാണ് ബ്യൂട്ടി പാർലർ വെടിവെപ്പിനെക്കുറിച്ച് മുൻകൂട്ടി പറഞ്ഞതെന്നാണ് കൊച്ചി ഷാഡോ പൊലീസ് പറയുന്നത്. ബാക്കിയെല്ലാം കെട്ടുകഥകളാണ്. അജാസിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് ഞങ്ങൾ തന്നെയെന്നും കൊച്ചി ഷാഡോ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ ആഴ്ചകളായി ഒളിവിൽ കഴിയുന്ന ഡോ. അജാസിന്‍റെ ആരോപണങ്ങളും ബ്യൂട്ടി പാർലർ വെടിവെപ്പിനെക്കുറിച്ചുള്ള പൊലീസിന്‍റെ മുന്നറിവുകളും ഒരേ പോലെ പരിശോധിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറിയിച്ചു.
