ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പബ്ബില്‍ അടിപിടിയുണ്ടാക്കിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്. കോണ്‍ഗ്രസ് എംഎല്‍എ എന്‍ ഹാരിസിന്‍റെ മകന്‍ മുഹമ്മദ് നെല്‍പാട് ഹാരിസാണ് കേസിലെ പ്രതി. അമിത വേഗതയിലെത്തിയ മുഹമ്മദിന്‍റെ ആഡംബര കാര്‍ രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. വാഹനം നിര്‍ത്താതെ രക്ഷപ്പെട്ട ഇയാള്‍ കുറ്റം മറ്റൊരാളില്‍ ചുമത്താനും ശ്രമിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബാല്‍കൃഷ്ണന്‍ എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. 

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയതായി പൊലീസ് അറിയിച്ചു. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2018ല്‍ വ്യവസായിയുടെ മകനെ പബ്ബില്‍ വെച്ച് ആക്രമിച്ച കേസിലാണ് മുമ്പ് മുഹമ്മദ് ഹാരിസ് അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നിരുയുന്നു.