ഭോപ്പാല്‍: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രണ്ട് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതായി 22കാരിയുടെ പരാതി. തുടര്‍ന്ന് ആരോപണ വിധേയനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 22 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭോപ്പാല്‍ റെയില്‍വേ ഡിവിഷന്‍ സെക്യൂരിറ്റി കൗണ്‍സലറും ദുരന്തനിവാരണ ചുമതലയുള്ള രാജേഷ് തിവാരിയാണ്(45) അറസ്റ്റിലായത്. മറ്റൊരു ഉദ്യോഗസ്ഥനെയും കസ്റ്റഡിയിലെടുത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

തിവാരിയുമായി ഫേസ്ബുക്കിലാണ് യുവതി പരിചയപ്പെട്ടത്. ഭോപ്പാലിലെത്തിയാല്‍ ജോലി നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് യുവതി എത്തിയത്. ഭോപ്പാല്‍ മെയില്‍ സ്റ്റേഷനിലെത്തിയ യുവതിയെ ഒന്നാം നിലയിലെ മുറിയില്‍ കൊണ്ടുപോയാണ് തിവാരി ബലാത്സംഗം ചെയ്തത്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി മറ്റൊരു ഉദ്യോഗസ്ഥനും തന്നെ ബലാത്സംഗം ചെയ്തതായി യുവതി പൊലീസില്‍ പറഞ്ഞു. ട്ടബലാത്സംഗത്തിനാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തത്. പിടിയിലായ മറ്റൊരു ഉദ്യോഗസ്ഥനെ യുവതി തിരിച്ചറിഞ്ഞാല്‍ അയാളുടെ അറസ്റ്റും രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.