തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്ടറുടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി. സഹോദരൻ ബിനോയ് കോടിയേരിക്കും രണ്ട് സുഹൃത്തുക്കൾക്കും ഒപ്പമാണ് യാത്ര. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിനീഷിന് കിട്ടിയിരിക്കുന്ന നിർദ്ദേശം. തിരുവനന്തപുരത്ത് വച്ചോ, ബെംഗളുരുവിൽ വച്ചോ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ബിനീഷ് പ്രതികരിച്ചില്ല. 

ബെംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനാണ് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്‍റ് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അനൂപ് മുഹമ്മദിനെ നേരത്തെ ചോദ്യം ചെയ്തതിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. 

ബെംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് കഴിഞ്ഞയാഴ്ചയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്റേറ്റ് കേസെടുത്തത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രന്‍, കന്നഡ നടി അനിഖ എന്നിവരെ ജയിലിലെത്തി ഇഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ അനൂപില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വിളിച്ചു വരുത്തുന്നത്.  2015ല്‍ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് പണം നല്‍കി സഹായിച്ചെന്നും അനൂപ് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു.

ബിനീഷിന്റെ ബിനാമിയാണെന്ന് ആരോപിക്കപ്പെടുന്ന തിരുവനന്തപുരത്തെ യുഎഫ്എക്സ് സൊലൂഷ്യൻസ് എന്ന കറൻസി എക്സ്ചേഞ്ച് കമ്പനി ഉടമ അബ്ദുൾ ലത്തീഫിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.