മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി കൗണ്‍സിലറുടെ വീട്ടില്‍ കയറി കൗണ്‍സിലറെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു. അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ജാല്‍ഗാവ് ജില്ലയിലാണ് സംഭവം. 

ബിജെപി കൗണ്‍സിലര്‍ രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് മരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും വ്യക്തിവൈരാഗ്യമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

രാത്രിയില്‍ നാടന്‍ തോക്കും കത്തിയുമായി എത്തിയ മൂന്നംഗ സംഘം ഇവര്‍ക്കെതിരെ ആക്രമിക്കുകയും നിറയൊഴിക്കുകയുമായിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.

ബജര്‍പത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൊലപാതകത്തിനുള്ള കാരണം ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.