കണ്ണൂര്‍: അധ്യാപകനായ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍വെച്ച് പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴി. കണ്ണൂര്‍ പാനൂരിലാണ്  നാലാം ക്ലാസുകാരി പീഡനത്തിനിരയായത്. പ്രതിയായ പദ്മരാജന്‍ പലസമയത്തായി  കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബാത്ത് റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥി ക്ലാസിലേക്ക് വന്നത്. മറ്റുടീച്ചര്‍മാരോട് നേരത്തെ പരാതി പറഞ്ഞിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റാണ് പദ്മരാജന്‍. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായിരുന്നു. 

പരാതി നല്‍കി ഒരുമാസമായിട്ടും പ്രതിയെ പൊലീസ് പിടികൂടാത്തില്‍ പാനൂര്‍ പൊലീസിനെതിരെ സിപിഎം രംഗത്തെത്തി. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന്  സിപിഎം ആരോപിച്ചു. ഒരുമാസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ആദ്യം അന്വേഷിച്ച പാനൂര്‍ സിഐ കേസ് അട്ടി മറിച്ചു. പ്രതിയെ സംരക്ഷിക്കാനുള്ള ബിജെപി ശ്രമത്തിന് പൊലീസ് കൂട്ടുനില്‍ക്കരുത്.

കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. അധ്യാപകന്‍ പീഡിപ്പിച്ചു എന്ന് മജിസ്‌ട്രേറ്റിന് കുട്ടി മൊഴിയും നല്‍കി. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ സിപിഎം പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.