അജ്ഞാതസംഘം കാർപ്പോർച്ചിൽ പ്രവേശിക്കുകയും കാറിന് തീയിടുകയുമായിരുന്നുവെന്നാണ് സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമായത്...

ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി എം.എല്‍.എയുടെ കാറുകള്‍ കത്തിച്ചു. എം.എല്‍.എ. സതീഷ് റെഡ്ഡിയുടെ രണ്ടു കാറുകൾക്കാണ് അജ്ഞാതര്‍ തീയിട്ടത്. സതീഷ് റെഡ്ഡിയുടെ ബൊമ്മനഹള്ളിയിലെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളിൽ രണ്ടെണ്ണമാണ് കത്തിച്ചത്. 

വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അജ്ഞാതസംഘം കാർപ്പോർച്ചിൽ പ്രവേശിക്കുകയും കാറിന് തീയിടുകയുമായിരുന്നുവെന്നാണ് സിസിടിവി ക്യാമറകളിൽ നിന്ന് വ്യക്തമായത്. എന്നാൽ പ്രതികളുടെ മുഖം ക്യാമറയിൽ വ്യക്തമല്ല. ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. 

എന്നാൽ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് എംഎൽഎയുടെ ആരോപണം. എംഎൽഎയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപ പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണ്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെയും സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്.