ലക്ഷങ്ങളുടെ വിലയുള്ള മയക്കുമരുന്നാണ് പമേലയുടെ പഴ്സില്‍ നിന്നും കാറിന്‍റെ സീറ്റിനടിയില്‍ നിന്നും കണ്ടെത്തിയത്. പമേലയുടെ സുഹൃത്തും യുവമോര്‍ച്ച അംഗമായ പ്രബീര്‍ കുമാര്‍ പാണ്ഡെയും പൊലീസ് അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിരോധിത മയക്കുമരുന്നുമായി ബിജെപിയുടെ യുവവനിതാ നേതാവ് അറസ്റ്റില്‍. ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പശ്ചിമ ബംഗാളിലെ ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമിയാണ് അളവില്‍ അധികം നിരോധിത ലഹരിമരുന്നുമായി അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകുന്നേരമാണ് പമേല അറസ്റ്റിലായത്. നൂറ് ഗ്രാം കൊക്കെയ്നായിരുന്നു പമേലയുടെ കയ്യില്‍ നിന്ന് പിടികൂടിയത്.

ലക്ഷങ്ങളുടെ വിലയുള്ള മയക്കുമരുന്നാണ് പമേലയുടെ പഴ്സില്‍ നിന്നും കാറിന്‍റെ സീറ്റിനടിയില്‍ നിന്നും കണ്ടെത്തിയത്. പമേലയുടെ സുഹൃത്തും യുവമോര്‍ച്ച അംഗമായ പ്രബീര്‍ കുമാര്‍ പാണ്ഡെയും പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ന്യൂ അലിപോര്‍ മേഖലയില്‍ നിന്നാണ് ഇവരെ പിടികൂടുന്നത്. എന്‍ ആര്‍ അവെന്യൂവിലുള്ള കഫെയിലേക്ക് പോവുകയായിരുന്നു ഇരുവരും.

എന്നാല്‍ തന്നെ കുടുക്കിയതാണെന്നാണ് പമേല ആരോപിക്കുന്നത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പ്രവര്‍ത്തകരെ കുടുക്കിയതാണെന്നാണ് ബിജെപി നേതൃത്വം പ്രതികരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ചുമതലയിലുള്ള പൊലീസിന് കീഴില്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണെന്നും ബിജെപി ആരോപിക്കുന്നു.