തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകൾ മേഖലയിൽ നേരത്തേ ആയുധ, കായിക പരിശീലനം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 

കൊല്ലം: പത്തനാപുരത്ത് ഉഗ്രസ്ഫോടനശേഷിയുള്ള ബോംബ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഭീകരബന്ധമെന്ന് സംശയം. സംസ്ഥാന തീവ്രവാദവിരുദ്ധസേന ഇന്ന് സ്ഥലം സന്ദർശിക്കും. കേന്ദ്ര അന്വേഷണ ഏജൻസികളും കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വിശദാംശങ്ങൾ തേടിയിരുന്നു. 

തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുമ്പ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തീവ്ര സ്വഭാവമുള്ള സംഘടനകൾ മേഖലയിൽ നേരത്തേ ആയുധ, കായിക പരിശീലനം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമുൾപ്പടെ ബോംബ് നി‍ർമാണത്തിനാവശ്യമുള്ള വസ്തുക്കളാണ് പത്തനാപുരം പാട്ടത്തെ കശുമാവിൻ തോട്ടത്തിൽ നിന്ന് ഇന്നലെ പൊലീസ് കണ്ടെത്തിയത്. വനംവികസന കോർപ്പറേഷന് കീഴിലുള്ളതാണ് ഈ കശുമാവിൻ തോട്ടം. 

രണ്ട് ജലാറ്റിന്‍ സ്റ്റിക്കുകളും, നാല് ഡിറ്റനേറ്ററുകളുമാണ് കണ്ടെത്തിയത്. ഒപ്പം ഇവ ഘടിപ്പിക്കാനുളള വയറും ബാറ്ററികളും കിട്ടി. വനം വകുപ്പിന്‍റെ ബീറ്റ് ഓഫിസര്‍മാര്‍ നടത്തുന്ന പതിവ് പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ കിട്ടിയത്. സ്ഫോടക വസ്തുക്കള്‍ ആരാണ് ഇവിടെ കൊണ്ടുവന്നത് എന്ന കാര്യത്തില്‍ സൂചനയൊന്നും കിട്ടിയിട്ടില്ല.

പാട്ടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുവെന്ന സൂചനകള്‍ സമീപകാലത്ത് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. കേന്ദ്ര ഇന്‍റലിജന്‍സിന്‍റെ വിവര ശേഖരണത്തിന്‍റെ കാരണവും ഇതു തന്നെ. സമീപത്തെ പാറമടകളിലെ ആവശ്യത്തിനായി എത്തിച്ചതാണോ സ്ഫോടക വസ്തുക്കള്‍ എന്ന കാര്യവും പരിശോധിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona