ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പൊള്ളലേറ്റ നിലയില്‍ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കാഞ്ചീപുരത്തെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്തിരുന്ന തിരുവള്ളൂര്‍ സ്വദേശിയായ യുവതിയെ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ശരീരമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

സംഭവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം ജോലി ചെയ്തിരുന്ന രാജേഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷ് യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ താഴ്ന ജാതിക്കാരിയായ യുവതിയുമായുള്ള വിവാഹം രാജേഷിന്‍റെ ബന്ധുക്കള്‍ എതിര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച രാജേഷ് കുറച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ട് പോയി. പിന്നീട് യുവതി തിരിച്ചെത്തിയില്ല.

യുവതി വീട്ടിലെത്താഞ്ഞതോടെ വീട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ ഫോണ്‍ സ്വച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. പെണ്‍കുട്ടി മരിച്ച വിവരം രാജേഷ് തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത് ചേദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ദുരഭിമാനക്കൊലയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാഞ്ചീപുരം എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.