16 കാരിയെ തട്ടിക്കൊണ്ട് പോയെന്ന് സഹോദരന്‍റെ പരാതി; സുഹൃത്തുക്കൾ അറസ്റ്റിൽ, പീഡനമില്ലെന്ന് പെൺകുട്ടിയുടെ മൊഴി
ഞായറാഴ്ച രാത്രി മുതൽ പതിനാറുകാരിയെ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. പെൺകുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് സഹോദരനാണ് ചേവായൂർ സ്റ്റേഷനിൽ പരാതി നൽകിയത്.

കോഴിക്കോട്: കോഴിക്കോട് പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കോഴിക്കോട് ചേവായൂരിൽ ആണ് സംഭവം. കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കളെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി മുതൽ പതിനാറുകാരിയെ കാണാതായെന്നാണ് വീട്ടുകാരുടെ പരാതി. പെൺകുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച് സഹോദരനാണ് ചേവായൂർ സ്റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിയെ തിങ്കളാഴ്ച കണ്ടെത്തി. വീട്ടുകാരുടെ പരാതിയില്‍ പെൺകുട്ടിയുടെ സുഹൃത്തുക്കളായ അബൂബക്കർ നൈഫ്, അഫ്സൽ, മുഹമ്മദ് ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ പതിനെട്ടും പത്തൊൻപതും വയസുള്ളവരാണ്. പെൺകുട്ടി ഇവരുമായി ഇൻസ്റ്റഗ്രാം വഴിയാണ് പരിചയത്തിലായതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ തട്ടികൊണ്ടുപോയി ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. പീഡനമില്ലെന്നും ലഹരി നൽകിയിട്ടില്ലെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. അടുത്ത ദിവസം തന്നെ വിശദമായ പെൺകുട്ടിയിൽ നിന്ന് രേഖപ്പെടുത്തുമെന്നും തുടർന്ന് ആവശ്യമെങ്കിൽ വൈദ്യ പരിശോധന ഉൾപ്പെടെ നടത്തും എന്ന് ചേവായൂർ പൊലീസ് അറിയിച്ചു.