മാസങ്ങളായി തുടര്‍ന്ന് വന്ന പീഡനം സ്കൂളിലെ സുഹൃത്തിനോട് പെണ്‍കുട്ടി പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. 

കൊച്ചി: കൊച്ചിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക പീഡനം. വരാപ്പുഴയിലാണ് അയല്‍വാസികളായ സഹോദരങ്ങള്‍ പതിനാലു വയസുകാരിയെ പീഡിപ്പിച്ചത്. സംത്തില്‍ വരാപ്പുഴ ഒളനാട് സ്വദേശികളായ ബോസ്, സഹോദരന്‍ നിക്സണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബോസിന് 55 ഉം നിക്സന് 41 ഉം വയസ്സ് പ്രായമുണ്ട്. 

മാസങ്ങളായി തുടര്‍ന്ന് വന്ന പീഡനം സ്കൂളിലെ സുഹൃത്തിനോട് പെണ്‍കുട്ടി പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. പ്രതികളുടെ തൊട്ട് അയല്‍പ്പക്കത്താണ് പെണ്‍കുട്ടി താമസിക്കുന്നത്. അമ്മ ചെറുപ്പത്തില്‍ മരിച്ചു പോയ പെണ്‍കുട്ടി അഛനും അമ്മൂമ്മക്കും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടിക്ക് മാനസികമായ ചില വൈകല്യങ്ങളുണ്ട്. ഇത് മുതലെടുത്താണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. 

ദിവസങ്ങള്‍ക്ക് മുമ്പ് സ്കൂളിലെ സുഹൃത്തിനോടാണ് പെണ്‍കുട്ടി ഇക്കാര്യം ആദ്യം പറയുന്നത്. അയല്‍പ്പക്കത്തെ ചില ചേട്ടന്‍മാര്‍ വല്ലാതെ ശല്യം ചെയ്യുന്നു എന്നായിരുന്നു പരാതി. ഇത് ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചര്‍ വിവരം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയുടെ മൊഴി എടുത്ത ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരന്നു.

പെണ്‍കുട്ടിയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ച് ഇവര്‍ പതിനാലുകാരിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍ക്ക് പരസ്പരം ഈ വിവരം അറിയില്ലായിരുന്നുവെന്നണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ച വിവരം. ഉരുവര്‍ക്കുമെതിരെ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തുു. പ്രതികള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാണ്.