Asianet News MalayalamAsianet News Malayalam

മോഷ്ടിച്ച കാറുമായി കറങ്ങി മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍

കൊണ്ടോട്ടിയിലെ കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാറുമായി കറങ്ങി മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി എപി മുജീബിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

Burglary with stolen car Infamous thief arrested
Author
Kerala, First Published Mar 22, 2021, 12:03 AM IST

കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാറുമായി കറങ്ങി മോഷണം പതിവാക്കിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി എപി മുജീബിനെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

2021 ജനുവരി 14 ന് ഓര്‍ക്കാട്ടേരി ടൗണിലെ മലഞ്ചരക്ക് കടയായ സബീന സ്റ്റോര്‍ കുത്തിത്തുറന്ന് 70,000 രൂപ മതിപ്പുള്ള 200 കിലോ അടക്ക മോഷണം പോയിരുന്നു. ഈ കേസില്‍ പ്രതികളെ അന്വേഷിക്കുകയായിരുന്നു എടച്ചേരി പൊലീസ്. ബാലുശ്ശേരി, അത്തോളി, ഉള്ള്യേരി മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉള്ള്യേരി മാര്‍ക്കറ്റിലെ ഒരു വ്യാപാരി മോഷണ മുതല്‍ വില്‍ക്കാനെത്തിയതെന്ന് സംശയിക്കുന്നയാളുടെയും ഇയാളുടെ വ്യാജ നമ്പര്‍ പതിച്ച കാറിന്റെയുംഫോട്ടോ പൊലീസിന് കൈമാറി. 

ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കാപ്പാട് ബീച്ച് പരിസരത്തെ ബാറില്‍ മദ്യപിക്കാനെത്തിയ മുജീബിനെ പൊലീസ് പിടികൂടിയത്. ബാറിന് സമീപം നിര്‍ത്തിയിട്ട കാറും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോൾ ഇയാള്‍ നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞു. 2020 ഒക്ടോബര്‍ 12 ന് കൊണ്ടോട്ടി കരിപ്പൂര്‍ കുളത്തൂരിലെ മാരുതി പോപ്പുലര്‍ ഷോറൂമിന്റെ ഷട്ടര്‍ അറുത്ത് മാറ്റി കവര്‍ച്ച ചെയ്ത കാറിലാണ് ഇപ്പോൾ മോഷണം. 

കൊണ്ടോട്ടി സ്റ്റേഷന് കീഴില്‍ 2021 മാര്‍ച്ച് മൂന്നിന് മലഞ്ചരക്ക് കടയില്‍ നിന്ന് 90,000 രൂപയുടെ കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തിയതായും ഇയാൾ സമ്മതിച്ചു. ജനുവരിയില്‍ കൊടുവള്ളി വട്ടോളിയിലും അരീക്കോട് കടുങ്ങല്ലൂര്‍ മാര്‍ക്കറ്റിലും ഇയാള്‍ മോഷണം നടത്തിയതായും മൊഴി നല്‍കി.മോഷണ മുതലുകള്‍ പേരാമ്പ്രയിലും മൈസൂര്‍ മാര്‍ക്കറ്റിലും വില്‍പന നടത്തിയതായി പോലീസ് പറഞ്ഞു. 

കാറില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിക്കാനുള്ള ഗ്യാസ് കട്ടര്‍, സിലിണ്ടര്‍, ഓക്സിജന്‍ മിക്സിംഗ് ട്യൂബ്, കടകളുടെ പൂട്ട് തകര്‍ക്കുന്നതിനുള്ള വലിയ കട്ടര്‍, രണ്ട് ചുറ്റിക, തുണി ചുറ്റിയ രണ്ട് കമ്പി പാര, കത്തി, മൂന്ന് ടോര്‍ച്ച്, സ്പാനര്‍, നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, രണ്ട് വലിയ സ്‌ക്രൂ ഡ്രൈവര്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്

Follow Us:
Download App:
  • android
  • ios