ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ തനിക്കുണ്ടായ നഷ്ടം നികത്താനാണ് തട്ടികൊണ്ട് പോകല്‍ ചെയ്തതെന്നും ഇതിനായി സുഹൃത്തുക്കളുടെ സഹായം ലഭിച്ചെന്നും ഇയാള്‍ സമ്മതിച്ചു. 


ഉത്തര്‍പ്രദേശ്: പ്രയാഗ് രാജില്‍ 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഗെമിങ്ങിലൂടെയുണ്ടായ കടം വീട്ടാനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്ന് അറസ്റ്റിലായ ആള്‍ പൊലീസിനോട് പറഞ്ഞു. സര്‍വേഷ് പട്ടേല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ രണ്ട് കൂട്ടാളികള്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. 

ഓണ്‍ലൈന്‍ ഗെയിമുകളില്‍ അതീവ തത്പരനായിരുന്ന സര്‍വേഷ് പട്ടേലിന് ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ കടമാണ് ബാക്കിയുണ്ടായത്. ഈ കടം വീട്ടുന്നതിനായിരുന്നു ഇയാള്‍ വ്യാവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇതിനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് ഇയാള്‍ തട്ടിക്കൊണ്ട് പോകല്‍ ആസൂത്രണം ചെയ്തു. തുടര്‍ന്ന് ധൂമൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ സർവേഷിന്‍റെ സുഹൃത്തും ബിസിനസുകാരന്‍റെ മകനുമായ വാസു സിങിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് വ്യവസായിയെ വിളിച്ച് മകനെ മോചിപ്പിക്കണമെങ്കില്‍ 20 ലക്ഷം മോചനദ്രവ്യം വേണമെന്നും ഇല്ലെങ്കില്‍ മകനെ കൊല്ലുമെന്നും അറിയിച്ചു. 

ഇതോടെ വ്യവസായി ധുമംഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി. വാസുവിന്‍റെ എല്ലാ സുഹൃത്തുക്കളും വീട്ടിലെത്തി വാസുവിന്‍റെ അച്ഛനെ സന്ദര്‍ശിച്ചെങ്കിലും സര്‍വേഷ് പട്ടേല്‍ മാത്രം എത്തിയില്ല. സര്‍വേഷ് പട്ടേലിന്‍റെ അസാന്നിധ്യത്തില്‍ സംശയം തോന്നിയ പൊലീസ് അന്വേഷണം ആ വഴിക്ക് തിരിച്ച് വിട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് സര്‍വേഷ് പട്ടേലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. 

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ തനിക്കുണ്ടായ നഷ്ടം നികത്താനാണ് തട്ടികൊണ്ട് പോകല്‍ ചെയ്തതെന്നും ഇതിനായി സുഹൃത്തുക്കളുടെ സഹായം ലഭിച്ചെന്നും ഇയാള്‍ സമ്മതിച്ചു. വാസുവിനെ ജുൻസിയിലേക്കും പിന്നീട് ഫാഫാമൗവിലേക്കുമാണ് കൊണ്ടുപോയിരുന്നത്. തുടര്‍ന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാളിന്ദിപുരത്തെ ഒരു ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് വാസുവിനെ രക്ഷപ്പെട്ടുത്തി. തട്ടിക്കൊണ്ട് പോകലിന് സര്‍വേഷ് പട്ടേലിനെ സഹായിച്ചവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയെന്നും പൊലീസ് അറിയിച്ചു.