Asianet News MalayalamAsianet News Malayalam

വ്യവസായി ഷറാറ ഷറഫുദ്ദീൻ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പൊലീസ് കുറ്റപത്രം സമർപ്പിച്ചു

വ്യവസായി ഷറാറ ഷറഫുദ്ദീൻ പതിനഞ്ച് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വീടും പണവും വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം എന്നാണ് ധർമ്മടം പൊലീസിന്റെ കണ്ടെത്തൽ

Businessman Sharara Sharafuddin s attempt to molest 15 year old Police file chargesheet
Author
Kannur, First Published Sep 16, 2021, 12:22 AM IST

കണ്ണൂർ: വ്യവസായി ഷറാറ ഷറഫുദ്ദീൻ പതിനഞ്ച് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് തലശ്ശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വീടും പണവും വാഗ്ദാനം ചെയ്തായിരുന്നു പീഡനശ്രമം എന്നാണ് ധർമ്മടം പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയുടെ ബന്ധുക്കളാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.

കഴിഞ്ഞ മാർച്ചിലാണ് തലശ്ശേരിയിലെ വ്യവസായി ഷറാറ ഷറഫുദ്ദീൻ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ വച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാൻ കൂട്ട് വരണമെന്നും പറഞ്ഞാണ് ഇളയമ്മ ഭർത്താവിനൊപ്പം കുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിയത്. പിന്നീട് ഇവർ തലശ്ശേരിയിലെ ഷറഫുദ്ദീന്‍റെ വീടിന് മുന്നിൽ എത്തിച്ചു.

ഓട്ടോയിലുള്ള പെണ്‍കുട്ടിയെ കണ്ട ഷറഫുദ്ദീൻ പ്രതികൾക്ക് വീടും പണവും വാഗ്ദാനം ചെയ്തു , പത്ത് ദിവസത്തേക്ക് കുട്ടിയെ വിട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. മറ്റൊരിടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. ഭയന്ന് വീട്ടിലേക്കോടിയ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് കൊണ്ടുപോയപ്പോഴാണ് പീ‍ഡന ശ്രമം പുറത്തറിയുന്നത്. ഇളയച്ചനും കുട്ടിയെ പലതവണ പീഡിപ്പിച്ചുണ്ടെന്നും കുട്ടി മൊഴി നൽകി.

വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ ധർമ്മടം പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.ഇവർക്ക് കോടതി ജാമ്യം നൽകി. ഇതിനിടെ തനിക്ക് ലൈംഗിക ശേഷി ഇല്ലെന്ന് പറഞ്ഞ് കേസ് ഇല്ലാതാക്കാൻ ഷറാറ ഷറഫുദ്ദീൻ കോടതിയെ സമീപിച്ചു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് ലൈംഗിക ശേഷി ഇല്ലെന്ന റിപ്പോർട്ടാണ് നൽകിയത്. 

പ്രോസിക്യൂഷൻ വീണ്ടും കോടതിയെ സമീപിച്ചതോടെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് ഷറഫുദ്ദീനെ പരിശോധിച്ചു. പരിശോധനയിൽ ഷറഫുദ്ദീന് ലൈംഗിക ശേഷി ഉണ്ടെന്ന് കണ്ടെത്തി. തെറ്റായ റിപ്പോർട്ട് നൽകിയ തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ആകെ മൂന്ന് പ്രതികളുള്ള കേസിൽ ആറ് മാസങ്ങൾക്ക് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Follow Us:
Download App:
  • android
  • ios