നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ വിവിധ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറില്‍ ചുറ്റിക്കറങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. 

കൊച്ചി: എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട (Cannabis seized). കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവാണ് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണമാണ് കോമ്പാറയിലെ വന്‍ കഞ്ചാവ് വേട്ടയിലെത്തിച്ചത്. നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ വിവിധ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കാറില്‍ ചുറ്റിക്കറങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതി. ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വാങ്ങാനെത്തിയ രണ്ട്‌പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഊരക്കാട് കേസിലെ പ്രതികളില്‍ നിന്നാണ് വാഹനങ്ങളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം ആലുവയ്ക്കടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. കൂടുതല്‍ പേര്‍ സംഘത്തിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഒരേ ഇല്ലത്ത് നിന്ന് വിവാഹം; സമുദായം ഭ്രഷ്ട് കല്‍പ്പിച്ചെന്ന് ആരോപണം

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് സമുദായ മാനദണ്ഡം ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ ഭ്രഷ്ട് കല്‍പ്പിച്ച സംഭവത്തിന് പിന്നാലെ പരാതിയുമായി കൂടുതല്‍ പേര്‍. രണ്ട് വര്‍ഷം മുമ്പ് മകന്റെ വിവാഹത്തിന്റെ പേരില്‍ തന്നെ വിലക്കിയതായി കാഞ്ഞങ്ങാട് ബത്തേരിക്കല്‍ ബീച്ചിലെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാഞ്ഞങ്ങാട് അജാനൂര്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റിക്കെതിരെയാണ് ബത്തേരിക്കല്‍ ബീച്ചിലെ ശശിയുടെ പരാതി. പൂരാഘോഷം ചര്‍ച്ച ചെയ്യാനുള്ള ക്ഷേത്ര യോഗത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് തന്നെ അപമാനിച്ച് ഇറക്കി വിട്ടുവെന്ന് ഇദ്ദേഹം പറയുന്നു.

സമുദായത്തിന്റെ മാനദണ്ഡം ലംഘിച്ച് മകന്‍ ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതാണ് കാരണം. ഒരേ ഇല്ലത്ത് നിന്ന് വിവാഹം കഴിച്ചതിന്റെ പേരില്‍ പ്രദേശത്ത് നിരവധി കുടുംബങ്ങളില്‍ വിലക്കുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കുടുംബത്തിന് മുഴുവന്‍ ഭ്രഷ്ട് കല്‍പ്പിക്കുമോ എന്ന് ഭയന്നാണ് പലരും പരാതിപ്പെടാത്തതത്രെ. ബന്ധുക്കളുടെ കല്യാണം, തെയ്യം കെട്ട്, വീട്ടിലെ മറ്റ് പ്രധാന ചടങ്ങുകള്‍ എന്നിവയ്‌ക്കൊന്നും ഒരേ ഇല്ലത്ത് നിന്ന് കല്യാണം കഴിച്ചവര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയില്ല.