കോട്ടയം: പാലായില്‍ ഓട്ടോ റിക്ഷയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍.കുളത്തുംമാട്ടയില്‍ അഖിലിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.ഓട്ടോയില്‍ കറങ്ങി നടന്നായിരുന്നു അഖിലിന്‍റെ കഞ്ചാവ് വില്‍പ്പന. കോളേജ് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് പ്രധാന ഇടപാടുകാര്‍. പാലാ- പൊൻകുന്നം റോഡിൽ മീനച്ചിൽ ഭാഗത്തു വച്ചാണ് എക്സൈസ് സ്ക്വാഡ് ഇയാളെ പിടികൂടിയത്.

എക്സൈസിനെ കണ്ട് ഇയാള്‍ ഓടിയെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഒന്നര കിലോ കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. നേരത്തെയും കഞ്ചാവ് കേസില്‍ ഇയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നവരുടെ ഇടനിലക്കാരനാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം എക്സൈസ് തുടങ്ങി. 

ഇടപാടുകാരുടെ ഫോണ്‍ നമ്പറുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. കഞ്ചാവ് വില്‍പ്പന നടത്തിയരുന്ന ഓട്ടോയും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ക്യാൻസര്‍ രോഗിയായിരുന്ന സഹോദരനെ പാലാ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതിയുമായി ഇയാളെത്തിയിരുന്നു.

ഈ പരാതിയില്‍ കഴമ്പില്ലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി.എന്നാല്‍ കസ്റ്റഡിയിലെടുക്കുമ്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ പാലാ എഎസ്ഐയെ സസ്പെന്‍റ് ചെയ്തിരുന്നു.