Asianet News MalayalamAsianet News Malayalam

പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; പ്രതിയുടെ വധശിക്ഷ ജീവപര്യന്തം തടവാക്കി കുറച്ചു

2015ൽ   കാസർകോട് ജില്ലാ കോടതിയാണ് സഫിയയുടേത്   അപൂർവ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമെന്ന് വിലയിരുത്തി ഹംസയെ  വധശിക്ഷയ്ക്ക് വിധിച്ചത്. ഈ ശിക്ഷയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച്   ഇളവ് ചെയ്തത്.

Capital punishment reduced to Life imprisonment on the case of murdering girl
Author
Kasaragod, First Published Aug 29, 2019, 11:21 PM IST

കൊച്ചി: കാസർകോട് വീട്ടുജോലിക്കാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ   ഒന്നാം പ്രതി കെ സി ഹംസയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവാക്കി കുറച്ചു. കേസിലെ കൂട്ട് പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുന, ബന്ധു അബദുള്ള എന്നിവരുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

2015ൽ  കാസർകോട് ജില്ലാ കോടതിയാണ് സഫിയയുടേത്  അപൂർവ്വങ്ങളിൽ അപൂര്‍വ്വമായ കൊലപാതകമെന്ന് വിലയിരുത്തി ഹംസയെ  വധശിക്ഷയ്ക്ക് വിധിച്ചത്. ഈ ശിക്ഷയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച്   ഇളവ് ചെയ്തത്. പ്രതി മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടില്ലെന്നതും വധശിക്ഷ നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതി മുൻ ഉത്തരവുകളെയും അടിസ്ഥാനമാക്കിയാണ്  ശിക്ഷാ ഇളവ് .

കേസിലെ കൂട്ട് പ്രതികളായ ഹംസയുടെ ഭാര്യ മൈമുന, ബന്ധു ആരിക്കാടി കുന്നിലെ എം അബ്ദുള്ള എന്നിവരുടെ ശിക്ഷ ജസ്റ്റിസ് എ എം ഷഫീഖ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും ആറുവർഷം തടവിനായിരുന്നു വിചാരണ കോടതി ശിക്ഷിച്ചിരുന്നത്. 
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു കർണാടക മടിക്കേരി സ്വദേശിയായ സഫിയയുടെ കൊലപാതകം. കാസര്‍കോട് മുളിയാർ സ്വദേശി കെ സി ഹംസയുടെ വീട്ടിലെ ജോലിക്കാരിയായ സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടുകയായിരുന്നു. കാണാതായെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണം ഒന്നര വർഷം പിന്നിട്ടപ്പോഴാണ് കൊലപാതക കേസാകുന്നത്.

ഗോവയിലെ കരാറുകാരനായ  മുളിയാര്‍ മാസ്തികുണ്ടിലെ കെ സി ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്നു സഫിയ. വീട്ടിലെ കഷ്ടപ്പാടിൽ നിന്നും രക്ഷതേടി ബന്ധുക്കൾ തന്നെയാണ് ഹംസയുടെ വീട്ടിലെത്തിച്ചത്. 13 കാരിയായ സഫിയയെ  ഹംസ തന്‍റെ ഗോവയിലെ വീട്ടിലെ ജോലിക്കാണ് നിയോഗിച്ചത്. 2006 ഡിസംബറിൽ മാസ്തിക്കുണ്ടിലെ വീട്ടിൽ നിന്നും കാണാതായെന്ന് കാണിച്ച് ഹംസ തന്നെ പൊലീസിൽ പാരാതി നൽകി. 

കുട്ടിയുടെ ബന്ധുക്കളേയും വിവരം അറിയിച്ചു. ഒന്നരവര്‍ഷത്തിന് ശേഷവും കേസിൽ പുരോഗതി ഇല്ലാതായതോടെ  അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതോടെയാണ് സഫിയ കൊല്ലപ്പെട്ടതായി തെളിയുന്നത്. പരാതിക്കാരൻ പ്രതിയായി മാറി. 2008  ജൂലായ് ഒന്നിന്  ഹംസയെ അറസ്റ്റ് ചെയ്തു. ഒരാഴ്ചക്ക് ശേഷം ഗോവയിൽ നിന്നും സഫിയയുടെ അസ്ഥികൂടം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 

സഫിയയെ കൊന്ന് കഷ്ണങ്ങളാക്കി ഗോവയിലെ ഡാമിനോട് ചേർന്ന് ആഴമേറിയ കുഴിഎടുത്താണ് കുഴിച്ചിട്ടത്. സംഭവം നടന്ന് ഒമ്പത് വർഷത്തിനുശേഷം വിചാരണക്കോടതി ശിക്ഷ വിധിച്ചു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് വിലയിരുത്തിയത്. ഒന്നാം പ്രതി ഹംസ്ക്ക് വധശിക്ഷയും മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസ് പൂര്‍ണമായും ശാസ്ത്രീയ-സാഹചര്യത്തെളിവുകളിലൂടെയാണ് തെളിയിച്ചത്. ഇത്തരത്തില്‍ തെളിയിക്കപ്പെടുന്ന കേരളത്തിലെ രണ്ടാമത്തെ കേസായിരുന്നു സഫിയ കേസ്.

Follow Us:
Download App:
  • android
  • ios