ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ലഹരി വിമുക്ത കേന്ദ്രത്തിലെ കെയര്‍ടേക്കറെ അന്തേവാസികള്‍ കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. കെയര്‍ ടേക്കര്‍ സബീര്‍ ഖാന്‍റെ മുറിയിലെത്തിയ എട്ട് അന്തേവാസികള്‍ ചേര്‍ന്നാണ് ഇയാളെ കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സബീര്‍ ഖാന്‍റെ കൈകളും കാലുകളും കൂട്ടിക്കെട്ടിയതിന് ശേഷമാണ് കൊലപ്പെടുത്തിയത്.  മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടിയതിന് ശേഷം പ്രതികള്‍ സ്ഥലം വിട്ടു. 

നേരത്തേ കര്‍ഹേരാ ഗ്രാമത്തിലായിരുന്ന ലഹരിമുക്ത കേന്ദ്രം ദിവസങ്ങള്‍ക്ക് മുമ്പാണ് ലാജ്പത് നഗര്‍ കോളനിയിലേക്ക് മാറ്റിയത്. കേന്ദ്രത്തിന്‍റെ ഉടമ സത്യേന്ദ്ര ചൗഹാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിപ്പ് കേസില്‍ ജയിലില്‍ ആയിരുന്നുവെന്ന് ലാജ്പത് നഗര്‍ പൊലീസ് സ്റ്റേഷനിലെ പോസ്റ്റ് ഇന്‍ ചാര്‍ജ് അക്രം ഖാന്‍ പറഞ്ഞു. 

വിവരം ലഭിച്ചെത്തിയ പൊലീസ് സബീര്‍ ഖാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്തേവാസികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഷാരൂഖ്, ദീപക്, ഖെം ചന്ദ്, വിശാല്‍, തരുണ്‍ ത്യാഗി, ജോഗേന്ദ്ര, ചന്ദ്, സുദീര്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 30 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി.