ദില്ലി: യാത്രക്കാരായ കമിതാക്കളുടെ പ്രണയ നിമിഷങ്ങളുടെ സിസിടിവി വീഡിയോ പോൺ സൈറ്റിലെത്തിയതിന് പിന്നാലെ ദില്ലി മെട്രോ അധികൃതർ സമ്മർദ്ദത്തിൽ. ജീവനക്കാരിലാരോ ഒരാൾ സിസിടിവി ദൃശ്യങ്ങൾ തന്റെ സ്‌മാർട്ട്ഫോണിൽ റെക്കോർഡ് ചെയ്‌ത് പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് സംശയം. ഇത് സംബന്ധിച്ച് ദില്ലി മെട്രോ അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കമിതാക്കൾ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ പൊതുഗതാഗത സംവിധാനത്തിലുണ്ടായ ഈ വീഴ്ച വലിയ നാണക്കേടാണ് ദില്ലി മെട്രോ അധികൃതർക്ക് ഉണ്ടാക്കിയിരിക്കുന്നത്. 

ദില്ലി മെട്രോയുടെ കൺട്രോൾ റൂമിൽ നിന്നാണ് സിസിടിവി ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായി. ജൂലൈ 18 ന് ഉച്ചയ്ക്ക് 2.22 ന് മെട്രോയിൽ യാത്ര ചെയ്ത കമിതാക്കളുടെ ദൃശ്യമാണ് ചോർന്നത്.

പോൺ സൈറ്റിൽ പ്രസിദ്ധീകരിച്ച വീഡിയോ ഇതിനോടകം പതിനായിരക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ കുറ്റക്കാരനായ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് ഡിഎംആർസി വ്യക്തമാക്കി.

മെട്രോയിൽ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തിനാണെന്നാണ് ഡിഎംആർസി വ്യക്തമാക്കിയിരിക്കുന്നത്. ഇത് മൂലം യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു തകരാറും സംഭവിക്കില്ലെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെ യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച് വലിയ ആശങ്കയാണ് യാത്രക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.