ഹൊസ്പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊപ്പള സിറ്റിയിൽ പുല‍ർച്ചെ മൂന്ന് മണിക്കും മൂന്നരക്കും ഇടയിലാണ് കവർച്ചാ ശ്രമം നടന്നത്.

തെലങ്കാന: കർണാടകത്തിൽ രണ്ടിടത്ത് എടിഎം കവർച്ചാ ശ്രമം. വിജയനഗരയിലും കൊപ്പളയിലുമാണ് കവർച്ചക്കാർ എസ്ബിഐയുടെ എടിഎം കൗണ്ടറുകൾ ലക്ഷ്യം വച്ചത്. മോഷണശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടിടത്തും പ്രതികളെ പിടികൂടാനായില്ല. സംസ്ഥാനത്ത് രണ്ടിടങ്ങളിൽ ഇന്നലെ രാത്രിയാണ് എടിഎം പൊളിച്ച് പണം കവരാനുള്ള ശ്രമം നടത്തത്. വിജയനഗരയിലായിരുന്നു ആദ്യ കവർച്ചാ ശ്രമം. കനകദാസ സർക്കിളിലെ എടിഎമ്മിൽ എത്തിയത് നാലംഗ സംഘമാണ്. സിസിടിവി ക്യാമറകളിലേക്ക് സ്പ്രേ പെയിന്റടിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് തടസപ്പെടുത്തി. എന്നാൽ എടിഎം തുറക്കാൻ ശ്രമിച്ചതോടെ സൈറൺ മുഴങ്ങുകയും വിവരം കൺട്രോൾ റൂമിൽ അറിയുകയുമായിരുന്നു. ബീറ്റ് പൊലീസുകാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും മോഷ്ടാക്കൾ രക്ഷപ്പെട്ടു.

ഹൊസ്പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊപ്പള സിറ്റിയിൽ പുല‍ർച്ചെ മൂന്ന് മണിക്കും മൂന്നരക്കും ഇടയിലാണ് കവർച്ചാ ശ്രമം നടന്നത്. ഇവിടെയും കവർച്ചക്കാർ ലക്ഷ്യമിട്ടത് എസ്ബിഐ എടിഎം തന്നെയാണ്. ഹൊസ്പേട്ട് റോഡിലുള്ള എടിഎമ്മിൽ പ്രവേശിച്ച സംഘം സമാന രീതിയിൽ കറുത്ത സ്പ്രേ പെയിന്റടിച്ച് സിസിടിവി ക്യാമറാ കണ്ണുകൾ മറച്ചു. എന്നാൽ ഗ്യാസ് കട്ടറുപയോഗിച്ച് തുറക്കുന്നതിനിടെ എടിഎമ്മിന് തീപിടിച്ചതോടെ സംഘം ഓടി രക്ഷപ്പെട്ടു. കൊപ്പള സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടിടത്തും കവർച്ച നടത്തിയത് ഒരേ സംഘമാണോ എന്ന സംശയം പൊലീസിനുണ്ട്.