ചെങ്കോട്ട്കോണത്ത് നാലംഗസംഘം പച്ചക്കറി കച്ചവടക്കാരന്‍റെ വീടും വാഹനവും അടിച്ച് തകർത്തു. ചെങ്കോട്ട്കോണം സ്വദേശി അനിലിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് നാലംഗസംഘം പച്ചക്കറി കച്ചവടക്കാരന്‍റെ വീടും വാഹനവും അടിച്ച് തകർത്തു. ചെങ്കോട്ട്കോണം സ്വദേശി അനിലിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബാറിൽ വച്ച് ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അർധ രാത്രിയാണ് കാറിലെത്തിയ നാലംഗ സംഘം പച്ചക്കറി കച്ചവടക്കാരനായ അനിലിന്‍റെ വീടും വാഹനവും അടിച്ച് തകർത്തത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ അനിൽകുമാറിന്‍റെ മാതാവിനെയും സഹോദരിപുത്രനേയും മർദ്ദിച്ചെന്നും പരാതിക്കാർ പറയുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം വീട്ടിൽ നിന്ന് പണം കവർന്നെന്നും അനിൽകുമാർ പറഞ്ഞു
സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ സുനിൽ കുമാർ, സ്റ്റീഫൻ എന്നറിയപ്പെടുന്ന ശബരി, സ്വാമിയാർ മഠം സ്വദേശി ശ്രീജിത്ത്, മുരുക്കുംപുഴ സ്വദേശി സേവ്യർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടയാളാണ് പ്രതികളിലൊരളായ സ്റ്റീഫന്‍. ബാറിൽ വച്ചുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.
