Asianet News MalayalamAsianet News Malayalam

ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം; രണ്ട് മാസത്തിനിടെ രണ്ടാമത്തെ മരണം, പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

 ചോദ്യം ചെയ്യുന്നതിനിടെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് പറയുന്നു.

Chennai Man Dies In Police Custody second Case In 2 Months
Author
Chennai, First Published Jun 14, 2022, 12:02 AM IST

ചെന്നൈ: ചെന്നൈയിൽ വീണ്ടും ലോക്കപ്പ് മരണം. കൊടുങ്കയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത രാജശേഖർ എന്നയാളാണ് ലോക്കപ്പിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. രണ്ടുമാസത്തിനിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. സംഭവത്തില്‍ അഞ്ച് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മണലിയിലെ ജ്വല്ലറിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അപ്പു എന്ന് വിളിക്കുന്ന രാജശേഖരനെ കൊടുങ്കയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെന്നും പൊലീസ് പറയുന്നു. നില മെച്ചപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. 

ഇതിനുശേഷം അപസ്മാരം ഉണ്ടായെന്നും രാജശേഖറെ സ്റ്റാൻലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് മരിച്ച രാജശേഖരൻ.  രാജശേഖരനെ പൊലീസ് മർദിച്ചുകൊന്നതാണ് എന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിച്ചു.

Read More : സംസ്കരിക്കാൻ കൊണ്ടുപോയ മൃതദേഹം തിരിച്ചെത്തിച്ച് പോസ്റ്റ്മോര്‍ട്ടം; തൃശ്ശൂര്‍ മെഡിക്കൽ കോളേജില്‍ ഗുരുതരവീഴ്ച
 
സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്പെക്ടർ ജോർജ് മില്ലർ പൊൻരാജ് അടക്കം 5 പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കേസ് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറി. രണ്ട് മാസത്തിനിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ കസ്റ്റഡി മരണമാണിത്. മറീന ബീച്ചിൽ സവാരിക്കുതിരയെ ഓടിച്ചിരുന്ന വിഗ്നേഷ് എന്ന 24കാരൻ ഏപ്രിൽ 18നാണ് കസ്റ്റഡിൽ മരിച്ചത്. 

മയക്കുമരുന്ന് കൈവശം വച്ചു എന്ന കുറ്റമാരോപിച്ചാണ് വിഗ്നേഷിനെ അറസ്റ്റ് ചെയ്തത്. പ്രാധമിക അന്വേഷണത്തിൽ ലോക്കപ്പ് മർദനം നടന്നു എന്ന് ബോധ്യപ്പെട്ടതിന് തുടർന്ന് ഈ കേസിൽ 5 പൊലീസുകാരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റാലിൻ ഭരണത്തിൽ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാവുകയാണെന്നും കൊടുങ്കയൂർ കസ്റ്റഡിമരണത്തിൽ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios