കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണ് വിവാഹിതരായത്.

മംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ ഭാര്യക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗോണിബീഡു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവവൃന്ദ സ്വദേശിനി ശ്വേതയെന്ന യുവതിയെയാണ് ദര്‍ശന്‍ പൂജാരി എന്നയാള്‍ കൊന്നത്. പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് ഭാര്യ ശ്വേതയെ ദര്‍ശന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഡിസംബര്‍ 11ന് രാവിലെയായിരുന്നു സംഭവം. ശ്വേത സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നും ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നുവെന്നാണ് ദര്‍ശന്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തും മുന്‍പ് ശ്വേതയുടെ മൃതദേഹം സംസ്‌കാരിക്കാന്‍ ദര്‍ശന്‍ തിടുക്കം കാണിച്ചതോടെയാണ് സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ശ്വേതയുടെ സഹോദരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ശ്വേതയെ ദര്‍ശന്‍ കൊന്നതാണെന്നായിരുന്നു മാതാപിതാക്കളുടെയും സഹോദരന്റെയും ആരോപണം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതം സംഭവിച്ചല്ല, സയനൈഡ് ഉള്ളില്‍ ചെന്നാണ് ശ്വേത മരിച്ചതെന്നും സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ദര്‍ശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ശ്വേതയും ദര്‍ശനും മൂന്നു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇതിനിടെ തന്റെ ജോലി സ്ഥലത്തെ ഒരു യുവതിയുമായി ദര്‍ശന്‍ അടുപ്പത്തിലായി. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ശ്വേത, യുവതിയെ ഫോണില്‍ വിളിച്ച് ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ദര്‍ശന്‍ ശ്വേതയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ദര്‍ശനൊപ്പം സഹോദരന്‍ ദീപക്, മാതാപിതാക്കള്‍ എന്നിവരെയും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ദര്‍ശന് ബന്ധമുള്ള യുവതിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'അയ്യപ്പ ഭക്തന്റെ തല പൊലീസ് അടിച്ചു പൊട്ടിച്ചെന്ന പ്രചരണം വ്യാജം': പ്രചരിപ്പിച്ചാൽ കർശനനടപടിയെന്ന് പൊലീസ്

YouTube video player