സംഭവത്തില്‍ കുട്ടിയുടെ അമ്മ തിലഗവതി, അവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവര്‍ അറസ്റ്റിലായി. 

ചെന്നൈ: പ്രേതബാധയുണ്ടെന്നാരോപിച്ച് ഏഴു വയസ്സുകാരനെ അമ്മയും അവരുടെ സഹോദരിമാരും മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് തിരുവണ്ണാമലൈ ജില്ലയിലെ കണ്ണമംഗലം എന്ന സ്ഥലത്താണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ തിലഗവതി, അവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവര്‍ അറസ്റ്റിലായി. കുട്ടിയുടെ ശരീരത്തില്‍ കയറിയ ബാധ ഒഴിപ്പിക്കാനാണ് മര്‍ദ്ദിച്ചതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

കുട്ടിയെ മൂന്ന് സ്ത്രീകള്‍ മര്‍ദ്ദിക്കുന്നതായി നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. പൊലീസ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മക്കും ഇവരുടെ സഹോദരിമാര്‍ക്കും മാനസിക പ്രശ്‌നമുള്ളതായി സംശയിക്കുന്നെന്നും പൊലീസ് പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona