അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാളെന്നാരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. അഹമ്മദാബാദിലെ ദരിയാപൂരിലാണ് സംഭവം. ഏകദേശം 30 വയസുപ്രായമായ സ്ത്രീയാണ് ആള്‍ക്കൂട്ടത്തിന്‍റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായത്.

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സ്ത്രീയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ചില ആളുകള്‍ ഇടപെട്ട് ഇവരെ പൊലീസിന് കൈമാറി. മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ആള്‍ക്കൂട്ടം ഇവരെ ചവിട്ടുന്നതും വസ്ത്രങ്ങള്‍ വലിച്ച് കീറുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളാണെന്ന തെറ്റിധാരണ ജനങ്ങള്‍ക്കിടയിലുണ്ടായി. തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.