തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വണ്‍ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുക്കും. കാട്ടാക്കട അഞ്ചുതെങ്ങിൻമൂടിലെ അമ്പലപടവിലിരുന്ന് മൊബൈലിൽ അശ്ലീല ദൃശ്യം കണ്ടു എന്നാരോപിച്ചായിരുന്നു മർദ്ദനം. വിദ്യാർത്ഥികളെ അടിക്കാൻ പൊലീസ് ഉപയോഗിച്ച കേബിൾ പൊലീസ് ജീപ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ കാട്ടാക്കട പൊലീസിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തി. ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളെയാണ് പൊലീസ് മർദ്ദിച്ചതെന്നാണ് പരാതി. വടിയും കേബിൾ വയറും ഉപയോഗിച്ചാണ് മർദ്ദനം. തറയിലിട്ട് ചവിട്ടിയെന്നും പരാതിയുണ്ട്. കാട്ടാക്കട ഡിവൈഎസ്പി എസ് ഷാജി സംഭവസ്ഥലത്തെത്തി രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മൊഴിയെടുത്തു. മർദ്ദനത്തിന്‍റെ അടയാളങ്ങൾ വിദ്യാർത്ഥികളുടെ ശരീരത്തിൽ പ്രകടമാണ്. കാട്ടാക്കട സിഐക്കും പൊലീസ് സംഘത്തിനുമെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ വ്യക്താമാക്കി.