യുകെയിൽ 10 ബലാത്സംഗക്കേസുകളിൽ പ്രതിയായ ചൈനീസ് പിഎച്ച്ഡി വിദ്യാർത്ഥിക്ക് കുറഞ്ഞത് 24 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.

ലണ്ടൻ: യുകെയിൽ 10 ബലാത്സംഗക്കേസുകളിൽ പ്രതിയായ ചൈനീസ് പിഎച്ച്ഡി വിദ്യാർത്ഥിക്ക് കുറഞ്ഞത് 24 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2019 സെപ്റ്റംബറിനും 2023 മെയ് മാസത്തിനും ഇടയിൽ ലണ്ടനിൽ മൂന്ന് സ്ത്രീകളെയും ചൈനയിൽ ഏഴ് സ്ത്രീകളെയും മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിക്ക് പിടി വീണത്. ചൈനീസ് പൗരനായ ഴെൻഹാവോ സൂവിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ബാധിക്കപ്പെട്ട 3 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. എന്നാൽ ഇയാൾ ഇതിൽക്കൂടുതൽ സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടാകാമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ഡിറ്റക്ടീവുകൾ പറയുന്നു. വിചാരണ തുടങ്ങിയതു മുതൽ ഇതുവരെ, 24 സ്ത്രീകളാണ് മുന്നോട്ട് വന്നിട്ടുള്ളത്.

ശക്തമായ ഭാഷയിലാണ് കോടതി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ലൈംഗിക ബന്ധത്തിനിടെ, പല തവണ സ്ത്രീകൾ കെഞ്ചിപ്പറഞ്ഞിട്ടും നിങ്ങൾ ആക്രമണം നിർത്താൻ തയ്യാറായില്ല. നിങ്ങൾ അവരുടെ മേൽ അധികാരം കാണിച്ചു. നിങ്ങളുടെ സന്തോഷത്തിനായി അവരെ സെക്സ് ടോയ്സ് ആയും ഉപയോഗിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ ചില വസ്തുക്കൾ ഉൾപ്പെടെ ഒരു ട്രോഫി ബോക്സിലിട്ട് പ്രതി സൂക്ഷിച്ചിരുന്നു. ബലാത്സംഗത്തിനിടെ യുവതികളുടെ ബോധം നഷ്ടപ്പെടുമ്പോൾ, 9 കേസുകളിൽ ഇയാൾ അവരുടേതുൾപ്പെടുന്ന വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകളെല്ലാം അങ്ങേയറ്റം വേദനിപ്പിക്കുന്നതായിരുന്നുവെന്നും കോടതി പറഞ്ഞു.

തെക്കുകിഴക്കൻ ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിൽ ആണ് പ്രതിയായ ഴെൻഹാവോ സൂ താമസിച്ചിരുന്നത്. ഇതിൽ 11 ബലാത്സംഗ കുറ്റങ്ങളിലാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ ഒരു അതിജീവിതയുമായി ബന്ധപ്പെട്ട് 2 കേസുകളാണ് ഉള്ളത്.