കല്ലാക്കുറിച്ചി ജില്ലയിലെ ഒരു ഹൈവേയിൽ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്...

ചെന്നൈ: ശരീരത്തിന്റെ പേര് പറഞ്ഞ് അപമാനിച്ചതിന് തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി സഹപാഠിയെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കുട്ടി സുഹൃത്തിനെ "പെൺകുട്ടി" എന്ന് വിളിച്ച് അപമാനിച്ചതായി തമിഴ്‌നാട് പൊലീസ് പറഞ്ഞു. കുറ്റാരോപിതനായ വിദ്യാർത്ഥി കൊല്ലപ്പെട്ട കുട്ടിയോട് കളിയാക്കൽ നിർത്താൻ അഭ്യർത്ഥിച്ചെങ്കിലും പരിഹാസം തുട‍ർന്നു. 

നിരന്തരമായ അപമാനം സഹിച്ച കുട്ടി സഹപാഠിയെ അവരുടെ സ്കൂൾ സ്ഥിതി ചെയ്യുന്ന കല്ലാക്കുറിച്ചി ജില്ലയിലെ ഒരു ഹൈവേയിൽ വെച്ച് അരിവാളും കത്തിയും ഉപയോഗിച്ച് ഒന്നിലധികം തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. "ഞങ്ങൾ കൊലപാതകത്തിന് കേസെടുത്തു, പ്രായപൂർത്തിയാകാത്ത പ്രതിയായ കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്" - പൊലീസ് ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.

"ശരീരത്തെ അപമാനിക്കുന്നത് ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നു. പലപ്പോഴും ഇത് ദേഷ്യമോ കടുത്ത വിഷാദമോ ആയി പ്രതിഫലിപ്പിക്കുന്നുവെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ.ശരണ്യ ജയ്കുമാർ പറഞ്ഞു.